ഏറെ വിവാദമായ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ ചിത്രം ഇനി ഒ.ടി.ടിയിലേക്ക്. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐ.എസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി. കഴിഞ്ഞ വര്‍ഷം മെയ് 5ന് ആയിരുന്നു റിലീസ് ചെയ്തത്. തിയേറ്ററിൽ വൻ വിജയം ആയ ചിത്രം ഒ.ടി.ടിയിൽ എത്തുമ്പോൾ വീണ്ടും വിവാദങ്ങൾ തലപൊക്കുന്നു.
ബംഗാൾ അടക്കം ചില സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു. കേരളത്തില്‍ ചുരുക്കം ചില ഷോകള്‍ മാത്രമായിരുന്നു നടന്നത്. പൊലീസ് പ്രൊട്ടക്ഷനോടെയാണ് തിയേറ്ററില്‍ ചുരുക്കം പ്രേക്ഷകര്‍ ഈ സിനിമ കണ്ടത്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിനിമ കാണാന്‍ നേതാക്കള്‍ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശര്‍മ്മയാണ് ഇപ്പോള്‍ ഒ.ടി.ടി റിലീസ് തീയതി പുറത്തുവിട്ടത്. ഫെബ്രുവരി 16ന് സീ5ല്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കാന്‍ പോകുന്നത്. ചിത്രം ഒ.ടി.ടിയില്‍ എത്തുന്നതിന്റെ സന്തോഷം ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷായും പങ്കുവച്ചിട്ടുണ്ട്.
‘ബോക്സ് ഓഫീസിലെ വന്‍ വിജയത്തിന് ശേഷം, ഒ.ടി.ടിയില്‍ കേരള സ്റ്റോറി എപ്പോള്‍ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള സ്റ്റോറി സീ5ല്‍ പ്രീമിയര്‍ ചെയ്യാന്‍ പോകുന്നു. ഈ സിനിമയില്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിരവധി നിമിഷങ്ങളുണ്ട്. നിങ്ങളുടെ മുഴുവന്‍ കുടുംബത്തോടൊപ്പം നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം കാണാന്‍ ശ്രമിക്കണം വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണിത്’, നിര്‍മ്മാതാവ് പറയുന്നു.
Post Your Comments