തിരുവനന്തപുരം: മലയാള സിനിമകള്‍ നിര്‍മിക്കുന്നത് വിഡ്ഢികളെന്ന് ശ്രീകുമാരന്‍ തമ്പി. 26 സിനിമകള്‍ നിര്‍മിച്ച വിഡ്ഢിയാണ് താനെന്നും തന്നെപ്പോലെയുള്ളവര്‍ സിനിമ നിർമിച്ച് നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ കൊടിയേറ്റം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഇപ്പോള്‍ സിനിമാ നിര്‍മാണം ഒക്കെ നിര്‍ത്തി. സത്യന് അന്തിക്കാടിനെ പോലെയുള്ള മിടുക്കന്മാര് സംവിധാനം ചെയ്ത് പണമുണ്ടാക്കും. എന്നെപ്പോലെയുള്ള വിഡ്ഢികള്‍ സിനിമ നിര്‍മിച്ച് നശിക്കും. 26 സിനിമ നിര്‍മ്മിച്ചതുകൊണ്ട് ഇപ്പോള്‍ കൈയില്‍ പണമൊന്നും ഇല്ല. ഇപ്പോള്‍ സഹായിക്കുന്ന പ്രധാന ഘടകം തന്റെ പുസ്തകങ്ങളിൽ നിന്നും കിട്ടുന്ന വരുമാനമാണ്’, അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള ഗാനവിവാദത്തില്‍ വാഗ്ദാന ലംഘനം നടത്തിയിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി ചെയര്മാന് കെ.സച്ചിദാനന്ദന് വ്യക്തമാക്കിയിരുന്നു. ശ്രീകുമാരന്‍ തമ്പി എഴുതി നല്കിയ കേരള ഗാനം സാഹിത്യഅക്കാദമി അംഗീകരിക്കാത്തതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ശ്രീകുമാരന്‍ തമ്പിയോട് ഗ്യാരണ്ടി നല്‍കാതെ പാട്ട് ചോദിക്കാൻ അക്കാദമി സെക്രട്ടറിയോട് നിർദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറി ആണ്. അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവർ കൂടി ഉൾപ്പെട്ട കമ്മിറ്റി ആണ്. വസ്തുനിഷ്ഠകാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയിയില്ലെന്നും കെ. സച്ചിദാനന്ദന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.
Post Your Comments