‘ഈ കാലുകള്‍ എന്‍റേതാണ്; ഇനിയും കാണിക്കും’: അധിക്ഷേപിച്ചവരോട് സയനോര

ഗായിക സയനോര ഫിലിപ്പ് കഴിഞ്ഞ ദിവസം പുത്തന്‍ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ, നടിയെ വിമർശിച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ തനിക്കെതിരെ വന്ന ബോഡിഷെയിമിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് താരം. വസ്ത്രവും കാലുകളുടെ നിറവും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇതിനെയാണ് സയനോര ശക്തമായി വിമർശിക്കുന്നത്.

‘ഇവിടെ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം, ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങൾ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live എന്നതിന്റെ അർഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങളെങ്കിൽ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’, സയനോര പറഞ്ഞു.

നേരത്തെയും പല തവണ സയനോരയ്ക്കെതിരെ ബോഡി ഷെയിമിങ് ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം കടുത്ത ഭാഷയില്‍ തന്നെ സയനോര മറുപടി നൽകിയിരുന്നു. തന്റെ വ്യക്തിജീവിതത്തില്‍ ആരും ഇടപെടേണ്ട എന്ന് ഉറച്ച ഭാഷയില്‍ തന്നെ പ്രതികരിക്കുകയാണ് താരം.

Share
Leave a Comment