കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കെ.കെ മേനോൻ. സിനിമയില്‍ താന്‍ നേരിട്ട അപമാനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഇപ്പോൾ. താന്‍ അഭിനയിച്ച സീനുകള്‍ കട്ട് ചെയ്തത് കളഞ്ഞതു മുതല്‍ ഭക്ഷണം കഴിക്കുന്നിടത്ത് നിന്നും അപമാനിച്ച് ഇറക്കിവിട്ടുവെന്നും കെ.കെ മേനോന്‍ വെളിപ്പെടുത്തി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.
വിജയ്-അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മെർസൽ’ എന്ന ചിത്രത്തിൽ കെ.കെ മേനോനും അഭിനയിച്ചിരുന്നു. എന്നാൽ, ‘മെര്‍സല്‍’ ചിത്രത്തിലെ കെ.കെയുടെ സീനുകള്‍ കട്ട് ചെയ്ത് കളയുകയായിരുന്നു. എസ്ജെ സൂര്യയ്ക്ക് ഒപ്പമായിരുന്നു കെ.കെയ്ക്ക് കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നത്. ഒമ്പത് ദിവസത്തെ ഷൂട്ടും കുറച്ചധികം സീനുകളുമുണ്ടായിരുന്നു. ചിത്രത്തിന്റെ കഥയില്‍ വളരെ പ്രധാനപ്പെട്ട രംഗവും ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഭയങ്കര ഹാപ്പിയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു, ‘മെര്‍സലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്’ എന്ന്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തന്റെ ഒറ്റ സീനും ഇല്ലായിരുന്നുവെന്നും ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും താരം പറയുന്നു. തിയേറ്ററിലിരുന്ന് തന്നെ കരയിപ്പിച്ച അനുഭവമാണ് അത് എന്നാണ് കെ.കെ പറയുന്നത്.
തന്നെ ഭക്ഷണം കഴിക്കുന്നിടത്തു നിന്നും ഇറക്കിവിട്ടതിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്. ഒരു സിനിമയുടെ ലൊക്കേഷനില്‍ സീനിയേഴ്‌സ് ഇരുന്ന് ഭക്ഷണം കഴിക്കുന്നിടത്ത് ഇരുന്ന് പോയെന്നും, അവിടെ നിന്ന് തന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു വിട്ടെന്നും കെ.കെ മേനോൻ പറയുന്നു. ഇത്തരം അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. നമ്മളെക്കാള്‍ വയസില്‍ ചെറുതായവര്‍ പോലും അങ്ങനെ മോശമായി പെരുമാറുമ്പോള്‍ വേദനിക്കും. 42-ാം വയസിലാണ് താന്‍ സിനിമയില്‍ എത്തുന്നത്. തന്റെ ഇരുപതുകളിലാണ് എത്തിയിരുന്നത് എങ്കില്‍ മോശം അനുഭവങ്ങള്‍ കളിയായി എടുക്കുമായിരുന്നു എന്നാണ് കെ.കെ പറയുന്നത്.
Leave a Comment