മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് ബാല. കേരളത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. അച്ഛനെ വെല്ലുവിളിച്ചാണ് താൻ കേരളത്തിലേക്ക് വന്നതെന്നു ഫ്ലവേഴ്സ് ഒരു കോടിയില്‍ മത്സരാർത്ഥിയായി പങ്കെടുത്തപ്പോൾ താരം പങ്കുവച്ചു.
ബാലയുടെ വാക്കുകൾ ഇങ്ങനെ,
‘എന്റെ മുത്തശ്ശന്റെ കാലം മുതലേ സിനിമയുമായി അടുത്ത ബന്ധമുണ്ട്. പ്രേം നസീറിന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചതൊക്കെ എന്റെ മുത്തശ്ശന്റെ പ്രൊഡക്ഷന്‍ ഹൗസാണ്. പിന്നീട് അച്ഛനും ആ രംഗത്തേക്ക് വന്നു. ചേട്ടന് തിരഞ്ഞെടുത്തത് സംവിധാന മേഖയാണ്.പിന്നാലെ ഞാനും അഭിനയത്തിലേക്കും വന്നു. ഞാൻ ജനിച്ചത് തന്നെ അരുണാചലം സ്റ്റുഡിയോയിലാണ്. ഇപ്പോള്‍ ആ സ്റ്റുഡിയോയുടെ ഉത്തരവാദിത്വം എനിക്കാണ്. മലയാള സിനിമകളില്‍ അഭിനയിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. പക്ഷെ വീട്ടില്‍ ആര്‍ക്കും യോജിപ്പ് ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ അവഗണിച്ച് വീടി വിട്ടിറങ്ങി വന്നാണ് മലയാള സിനിമകള്‍ ചെയ്തത്.’
‘തമിഴ്നാട്ടില്‍ നിന്നും ഫ്ലൈറ്റില്‍ കേരളത്തിലേക്ക് വന്നു. റൂമെടുത്ത് താമസം ആരംഭിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യത്തെ മലയാള സിനിമ കളഭം കമ്മിറ്റായി. പിന്നീട് ബിഗ് ബി, പുതിയമുഖം എന്ന സിനിമകളിലൂടെ ബ്രേക്ക് കിട്ടി. അതിനുശേഷം കുറച്ച് അഹങ്കാരത്തോടെ വീട്ടുകാരുടെ മുന്നില്‍ പോയി നിന്നു. അവര്‍ക്കൊക്കെ സന്തോഷമായിരുന്നു. അതുപോലെ അമൃതയെ ഞാൻ ആദ്യമായി കാണുന്നത് ഐഡിയ സ്റ്റാർ സിങറില്‍ വെച്ചല്ല.’
‘അച്ഛന് തന്ന ഒരുപദേശം ഞാന്‍ കേട്ടില്ല. അത് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു. ഇപ്പോഴും ആ കുറ്റബോധം മനസിലുണ്ട്. അച്ഛന് മാത്രമല്ല ചേട്ടനും സുഹൃത്തുക്കളും എല്ലാം പറഞ്ഞു. പക്ഷെ ആ പ്രായത്തില്‍ ആര് എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ തോന്നില്ല. കാതിനുള്ളില്‍ കയറി ഇരുന്ന് ഉപദേശിച്ചാലും നമ്മളാണ് ശരിയെന്ന് കരുതും. ആ എടുത്ത് ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു. അതെല്ലാം കണ്ട് വിഷമത്തിലാണ് അച്ഛന് മരിച്ചത്. മൂന്ന് കൊല്ലമായി അച്ഛന് പോയിട്ട്. പറഞ്ഞത് കേള്‍ക്കാമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എനിക്ക് ഈ ജനറേഷനിലുള്ളവരോട് പറയാനുള്ളത് അതാണ്. പൊതുവെ ആരെയും ഉപദേശിക്കുന്ന ആളല്ല ഞാന്‍. പക്ഷെ എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്.’
‘വീട്ടുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ നല്ല വശങ്ങളെ കുറിച്ച് ചിന്തിയ്ക്കുക. നമുക്ക് മോശം വരുന്നത് അച്ഛനും അമ്മയും പറയില്ല. കഴിയുന്നതും അത് അനുസരിക്കാന്‍ ശ്രദ്ധിക്കുക. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ എനിക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്റെ ജീവിതം ഒരു പരാജയമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. രാജാവിനെ പോലെ തന്നെയാണ് ജീവിയ്ക്കുന്നത്’, -ബാല പറഞ്ഞു.
Post Your Comments