CinemaGeneralLatest NewsNew ReleaseNEWSNow Showing

‘അയ്യർ ഭക്ഷണം കഴിക്കാൻ കയറിയത് ഒരു പാകിസ്ഥാനി റസ്റ്റോറൻ്റിൽ, സംഘികളുടെ ശിരസ്സ് കുനിയുമെന്നുറപ്പ്:കെ.ടി ജലീലിന്റെ റിവ്യൂ

ഉർവശി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് അയ്യർ ഇന്‍ അറേബ്യ. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ആയത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് കെടി ജലീല്‍, വിഎന്‍ വാസവന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ രംഗത്ത് വന്നിരിക്കുന്നു. കാലത്തോട് സംവദിക്കുന്ന ചലചിത്രം വർത്തമാനത്തിൻ്റെ അരുതായ്മകളോടും തെറ്റായ ധാരണകളോടും കലഹിക്കുവാൻ സിനിമയോളം നല്ല ഒരു മാധ്യമം ഉണ്ടോ എന്ന് കെ.ടി ജലീൽ ചോദിക്കുന്നു.

കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

“അയ്യർ ഇൻ അറേബ്യ”: കാലത്തോട് സംവദിക്കുന്ന ചലചിത്രം.
വർത്തമാനത്തിൻ്റെ അരുതായ്മകളോടും തെറ്റായ ധാരണകളോടും കലഹിക്കുവാൻ സിനിമയോളം നല്ല ഒരു മാധ്യമം ഉണ്ടോ എന്ന് സംശയമാണ്. 2014 ന് ശേഷം പൊതുവെ ഇന്ത്യയിൽ സ്വസംസ്കാരാഭിമാന ബോധം അതിര് വിടുന്നത് ഒരു യാഥാർത്ഥ്യമാണ്. അതേതുടർന്ന് ഭാരതീയ ദർശനങ്ങളുടെ മൃദുത്വവും കാർക്കശ്യതയില്ലായ്മയും പതിയെപ്പതിയെ അപ്രത്യക്ഷമായി. മൂഢമായ അന്ധവിശ്വാസങ്ങൾ വിദ്യാസമ്പന്നരെപ്പോലും സ്വാധീനിച്ചു. അയൽപക്ക ബന്ധങ്ങളിൽ ഒരുതരം അകൽച്ച പ്രതിഫലിക്കാൻ തുടങ്ങി. “മതം” നായകസ്ഥാനത്തു നിന്ന് വില്ലൻ വേഷത്തിലേക്ക് വഴിമാറി. കേരളത്തിൽ പൊതുവെ ഇത്തരം ധാരണകൾക്ക് പ്രചാരം ലഭിച്ചില്ലെങ്കിലും സവർണ്ണബോധം വേരറ്റുപോകാത്ത ദേശങ്ങളിൽ സാമൂഹ്യബന്ധങ്ങളിൽ കാതലായ മാറ്റം പ്രകടമായത് വിഷമത്തോടെയെങ്കിലും നമ്മൾ അറിഞ്ഞു.

ഗോമൂത്രത്തിനും ചാണകമിഠായിക്കും വ്യാപകമായല്ലെങ്കിലും മലയാളികൾക്കിടയിലും പ്രിയമേറി. പാലിന് പശുവിനെ വളർത്തുന്ന ക്ഷീരകർഷക പാരമ്പര്യത്തിൽ നിന്ന് ആരാധനാമൂർത്തിയെ പരിപാലിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തി. ഭാരതീയമല്ലാത്തതൊന്നും സ്വീകാര്യമല്ലെന്ന ബോധം കുത്തിവെക്കാൻ സംഘടിത നീക്കങ്ങളാണ് രാജ്യമൊട്ടുക്കും നടക്കുന്നത്. സഹോദര നാഗരികതകളും സംസ്കാരങ്ങളും അധമമാണെന്ന ചിന്ത സമൂഹത്തിൽ ധ്രുതഗതിയിലാണ് പ്രചാരം നേടുന്നത്. ഉപജീവനം തേടി കടൽകടന്ന് പോകുന്നത് പോലും ഉത്തമമല്ലെന്ന ശങ്ക പല ശുദ്ധാത്മാക്കളിലും നാമ്പിട്ടു. അറബി ഭാഷയും ഗൾഫുനാടുകളും ചിലർക്കെങ്കിലും അലർജിയായി.

രാജ്യത്ത് വളരുന്ന പ്രതിലോമ പ്രവണതകളെ രൂക്ഷമായ പരിഹാസത്തിലൂടെ കേരളീയ പശ്ചാതലത്തിൽ അവതരിപ്പിക്കുന്ന കലാസൃഷ്ടിയാണ് “അയ്യർ ഇൻ അറേബ്യ”. കലാരംഗത്ത് പ്രവർത്തിക്കുന്നവർ ഒഴുക്കിനനുകൂലമായി നീന്താൻ തിടുക്കം കൂട്ടുമ്പോൾ ഒഴുക്കിനെതിരെ നീന്താനും ആളുകളുണ്ടെന്ന പ്രഖ്യാപനമാണ് ഈ സിനിമ. മനുഷ്യ വികാരങ്ങളെ വളച്ചുകെട്ടാതെ ഋജുവായി അവതരിപ്പിക്കുകയാണ് “അയ്യർ ഇൻ അറേബ്യ” എന്ന ചലചിത്രം. പട്ടണങ്ങളിലെ ഫ്ലാറ്റു സമുച്ഛയങ്ങൾ പണ്ടൊക്കെ ബഹുസ്വരമായിരുന്നു. എന്നാൽ ആ പതിവിന് വിഘ്നം സംഭവിച്ചിരിക്കുന്നു. നാനാത്വം ഉൽഘോഷിക്കാൻ പേരിനാരെങ്കിലും ഉണ്ടായാലായി. അത്തരമൊരു ജീവിത ചുറ്റുപാടിൽ “അയ്യരെന്ന” വാലിൽ അഭിരമിച്ച് ജീവിക്കുന്ന കുടുംബനാഥനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ശ്രീനിവാസ അയ്യരുടെ ഭാര്യ ഝാൻസിറാണി ശരിയായ ബോധ്യങ്ങളുള്ള ചരിത്രാദ്ധ്യാപികയാണ്. തിരുത്തപ്പെടുന്ന ചരിത്രമല്ല യഥാർത്ഥ ചരിത്രമെന്നാണ് അവരുടെ ഉറച്ച വിശ്വാസം. വികലമായ ചരിത്രം അവതരിപ്പിച്ച് അറിവുള്ളവരുടെ സിരകളിൽ പോലും വർഗ്ഗീയ വിഷം കുത്തിവെക്കാൻ “പ്രമുഖ്”മാർ ശ്രമിക്കുമ്പോൾ അതിനെ വസ്തുതകൾ നിരത്തി ടീച്ചറായ അയ്യരുടെ ഭാര്യ പൊളിച്ചടുക്കുന്നത് പുതിയ കാലത്ത് ഏറെ പ്രസക്തമാണ്.

യാഥാസ്തികനെങ്കിലും കുടുംബ സ്നേഹിയാണ് ശ്രീനിവാസ അയ്യർ. ഭാര്യയും മകനുമാകട്ടെ ബഹുവർണ്ണ സമൂഹത്തിൻ്റെ സൗന്ദര്യം ജീവിതാനുഭവങ്ങളിലൂടെ ബോദ്ധ്യംവന്നവരാണ്. ഭർതൃസ്നേഹം ഒട്ടും ചോർന്നുപോകാതെത്തന്നെ ഭർത്താവിൻ്റെ വികല ധാരണകളെ ചെറിയ ചെറിയ നർമ്മ സംഭാഷണങ്ങളിലൂടെ ഝാൻസി കളിയാക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും രസകരമായാണ് “അയ്യർ ഇൻ അറേബ്യ”യിൽ ചിത്രീകരിച്ചിരിക്കുന്നത്. ആർക്കിറ്റെക്ചറൽ എഞ്ചിനീയറായ മകൻ ദുബായിയിൽ പോകാൻ താൽപര്യം കാണിക്കുമ്പോൾ “ഭാരതീയ സാംസ്കാരിക വിശുദ്ധി” കളങ്കപ്പെടുമെന്ന് ഭയന്ന് ശ്രീനിവാസ അയ്യരതിനെ നിരുൽസാഹപ്പെടുത്തുന്നു. നാടുവിട്ട് പോകണമെങ്കിൽ എന്തുകൊണ്ട് നേപ്പാളിലേക്ക് പോയിക്കൂടെന്ന അദ്ദേഹത്തിൻ്റെ ചോദ്യം കാണികളിൽ ചിരി പടർത്തും. മകൻ്റെ ആഗ്രഹം തല്ലിക്കെടുത്താൻ അവസാന ശ്രമവും അയ്യർ നടത്തുമ്പോൾ മാതൃസ്നേഹം ഉള്ളം നിറച്ച് അതെല്ലാം പരാജയപ്പെടുത്തുകയാണ് ഝാൻസിട്ടീച്ചർ. അങ്ങിനെ രാഹുൽ, മണലാരണ്യത്തിലെ അതിസുന്ദരിയായ ദുബായിയിലേക്ക് പറന്നു.

ദുബായ് എല്ലാ വൈവിദ്ധ്യങ്ങളെയും ഒരുകൊച്ചു ചഷകത്തിൽ വേർതിരിക്കാനാകാത്ത വിധം സമന്വയിപ്പിക്കുന്ന മണ്ണാണ്. ലോകത്തുള്ള എല്ലാ മനുഷ്യരുടെ മുഖവും ഒരു കൈക്കുമ്പിളിൽ കാണാൻ ദുബായിയോളം യോജ്യമായ നാട് വേറെയില്ല. വിവിധ വിശ്വാസങ്ങളും സംസ്കാരങ്ങളും അവിടെ ഇഴുകിച്ചേർന്നു നിൽക്കുന്നു. ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും മതം വേലിക്കെട്ടുകൾ തീർക്കാത്ത ദേശം. അവിടെയെത്തിയ രാഹുൽ, ഫ്രെഡിയും ഫൈസലും ഉൾപ്പടെയുള്ള ചങ്ങാതിമാരുമൊത്ത് സൗഹൃദ പൊയ്കയിൽ നൻമ ചോരാതെ ജീവിതം ആസ്വദിക്കുകയാണ്. മകൻ്റെ ഓരോ ചലനങ്ങളും തൻ്റെ സുഹൃത്തിലൂടെ ശ്രീനിവാസ അയ്യർ മനസ്സിലാക്കി. രാഹുലും തൻ്റെ സഹപാഠിയും സഹപ്രവർത്തകയുമായ സുബൈർ ഹാജിയുടെ മകൾ സൈറയും തമ്മിലുള്ള പ്രണയത്തെ കുറിച്ചറിഞ്ഞ അയ്യർ, ഭാര്യയേയും കൂട്ടി മകനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ ദുബായിയിലേക്ക് വിമാനം കയറി.

അവിടെയെത്തിയ അയ്യർ ജീവിതത്തിലാദ്യമായി ദേശവും ഭാഷയും സംസ്കാരവും വിശ്വാസവും നിലനിർത്തിക്കൊണ്ടുതന്നെ ബഹുസ്വരമായി ജീവിക്കുന്ന സമൂഹത്തെ കണ്ട് അൽഭുതംകൂറി. ദുബായിയിലെ യാത്രക്കിടെ അയ്യർ തൻ്റെ സ്നേഹിതനുമൊത്ത് ഭക്ഷണം കഴിക്കാൻ കയറിയത് ഒരു പാക്കിസ്ഥാനി റസ്റ്റോറൻ്റിൽ. ”പച്ചകളുടെ” ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോരാനുള്ള അയ്യരുടെ ശ്രമം ‘അടുത്തൊന്നും വേറെ ഹോട്ടലില്ലെന്ന്’ പറഞ്ഞ് സുഹൃത്ത് തടഞ്ഞു. അങ്ങിനെ ആദ്യമായി ശ്രീനിവാസ അയ്യർ ഭാരതീയ സംസ്കാരത്തിൻ്റെ “കൺകണ്ട” ശത്രുക്കളുടെ ഭോജനശാലയിൽ നിന്ന് ഭക്ഷണം കഴിച്ചു.

കറാച്ചി ദർബാറിൽ സപ്ലയറെ കണ്ടപ്പോഴാണ് അയ്യർ ശരിക്കും ഞെട്ടിയത്. നാട്ടിലെ റസിഡൻ്റ് അസോസിയേഷൻ്റെ ‘ധർമ്മോപദേശ ക്ലാസിൽ’ ഭാരതീയ സംസ്കാരത്തിൻ്റെ മഹത്വം പഠിപ്പിച്ച അതേ ”പ്രമുഖ്” വെയിറ്ററുടെ വേഷത്തിൽ തൻ്റെ മുന്നിൽ നിൽക്കുന്നു! കുടുംബം പോറ്റാൻ മറ്റു വഴികളില്ലാത്തത് കൊണ്ട് നാടുവിടേണ്ടി വന്നതാണെന്ന് അദ്ദേഹം സങ്കോചമില്ലാതെ പറയുമ്പോൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുകയും ബിസിനസ് നടത്തുകയും ചെയ്യുന്ന “സംഘി”കളുടെ ശിരസ്സ് കുനിയുമെന്നുറപ്പ്.

സൈറയെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അയ്യരും സുഹൃത്തും സുബൈർ ഹാജിയുടെ സഹായം തേടി. ഇരുഭാഗത്തും സമ്മർദ്ദം മുറുകി. അന്യമതക്കാരന് മകളെ കെട്ടിച്ച് കൊടുത്താലുണ്ടാകുന്ന ഭവിഷ്യത്ത് സുബൈർ ഹാജിയെ പറഞ്ഞ് മനസ്സിലാക്കാൻ മുസ്ലിങ്ങളിലെ “മതപരിവർത്തന പ്രോൽസാഹന കമ്മിറ്റി”ക്കാരും എത്തി. അവരുടെ കള്ളക്കളി പൊളിച്ച ഫൈസലിനെ അവർ ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ടു. അയ്യരുടെ ഭാര്യ ഝാൻസിക്ക് സൈറയെ നന്നേ ബോധിച്ചു. തൻ്റെ മകനെ പിഴപ്പിച്ചത് ഫ്രെഡിയും സുഹൃത്തുക്കളുമാണെന്ന ധാരണയിൽ ശ്രീനിവാസ അയ്യർ ഫ്രെഡിയുടെ സ്ഥാപനത്തിൽ ചെന്ന് അയാളെ കണക്കിന് ശകാരിച്ചു. ഇതറിഞ്ഞ രാഹുൽ അച്ഛനുമായി വഴക്കിടുന്നു. പൂണൂലിൻ്റെ ഗരിമ പറഞ്ഞ അച്ഛനോട് അതെന്നേ താൻ ഉപേക്ഷിച്ച വിവരം ഷർട്ടുയർത്തി രാഹുൽ വെളിപെടുത്തിയത് അയ്യരെ ശരിക്കും തളർത്തി. സന്ദർഭത്തിൻ്റെ ഗൗരവം മനസ്സിലാക്കി ഝാൻസി, അമ്മയിൽ നിന്ന് പെട്ടന്ന് ഒരു യഥാർത്ഥ ഭാര്യയായി. അച്ഛനോട് പറയാൻ പാടില്ലാത്തത് പറഞ്ഞുവെന്ന മട്ടിൽ ടീച്ചർ മകനെ അടിച്ചു. ഭാര്യാ-ഭർതൃ ബന്ധത്തിൻ്റെ രസതന്ത്രം മുഴുവൻ പ്രതിഫലിച്ച രംഗമാണത്.

അമ്മയുടെ അടി രാഹുലിൻ്റെ മുഖത്തല്ല, ഹൃദയത്തിലാണ് കൊണ്ടത്. സങ്കടം അണപൊട്ടിയ വികാരത്തിൽ അവൻ കാറെടുത്ത് മരുഭൂമിയിലേക്ക് വിട്ടു. വഴിയറിയാതെ മണൽക്കാട്ടിൽ അവൻ ഒറ്റപ്പെട്ടു. പിന്നീട് സംഭവിച്ചത് ശ്വാസം അടക്കിപ്പിടിച്ചേ കാണാനാകൂ. മനുഷ്യരുടെ മതാതീതമായ സൗഹൃദവും പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും അയ്യരെ ഏകശിലാ സംസ്കാരത്തിൻ്റെ തടവറയിൽ നിന്ന് മോചിതനാക്കി. ശ്രീനിവാസ അയ്യർ, നടപ്പിലും ഇരിപ്പിലും വസ്ത്രധാരണത്തിലുമെല്ലാം നനാത്വത്തെ പുൽകിയ ഒരു സാമൂഹ്യ ജീവിയാകുന്നതോടെ “അയ്യർ ഇൻ അറേബ്യ” അവസാനിക്കുന്നു.

എം.എ നിഷാദിൻ്റെ കഥയിലും തിരക്കഥയിലും സംവിധാനത്തിലും അണിഞ്ഞൊരുങ്ങിയ സിനിമ, കഥയുടെ സവിശേഷത കൊണ്ടുമാത്രമല്ല, ദൃശ്യഭംഗികൊണ്ടും ശ്രദ്ധേയമായി. ശാന്തമായ ഒരു പുഴയുടെ ഒഴുക്കുപോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് “അയ്യർ ഇൻ അറേബ്യ” അഭ്രപാളിയിൽ മുന്നേറുന്നത്. പാട്ടുകളും നൃത്തച്ചുവടുകളും ആകർഷണീയമാണ്. മുകേഷ് എന്ന നടൻ്റെ അഭിനയ മികവ് പൂർണ്ണമായും ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചു. ഊർവശി പതിവുപോലെ പ്രകടനം ഗംഭീരമാക്കി. ധ്യാൻ ശ്രീനിവാസനും ഷൈൻടോമും അലൻസിയറും സുധീർ കരമനയും ജാഫർ ഇടുക്കിയും ബിജു സോപാനവും സുനിൽ സുഗതനും അവരവരുടെ വേഷങ്ങൾ മികവുറ്റതാക്കി. കുടുംബസമേതം മലയാളികൾ കാണേണ്ട ഒരു നല്ല സിനിമ. കുടുസ്സായ മനസ്സുകളെ വിശാലമാക്കാൻ ഉപകരിക്കുന്ന മികച്ചൊരു ചലചിത്രം.

shortlink

Post Your Comments


Back to top button