തന്റെ റിലീസ് പോലും ചെയ്യാത്ത സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് നടന് ഉണ്ണി മുകുന്ദന്. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. അയോധ്യയിലെ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റേത് എന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവനയ്ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട’ എന്ന് ഉണ്ണി മുകുന്ദന് പറഞ്ഞുവെന്നായിരുന്നു വാര്‍ത്ത. ഇതിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ പ്രതിഷ്ഠ സമയത്ത് തന്റെ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ണി മുകന്ദന് ആഘോഷം നടത്തിയിരുന്നു. താന്‍ ഉടനെ അയോധ്യയിലേക്ക് പോകുമെന്നും താരം പറഞ്ഞിരുന്നു. പിന്നാലെയാണ് താരത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. ഇതിന് പിന്നില്‍ തന്റെ സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളതെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്.
‘റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും? ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട. എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തീയറ്ററില്‍ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്’, ഉണ്ണി മുകുന്ദൻ പറയുന്നു.
Post Your Comments