തനിക്ക് സംസാരിക്കാന്‍ വേദി ലഭിക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന് നടൻ പ്രകാശ് രാജ്. കേരളത്തിൽ തന്നെ കേള്‍ക്കാനും തന്നോട് സംവദിക്കാനും വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരും സമൂഹവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ വിശേഷിപ്പിക്കാന്‍ കാരണം കേരളത്തിലെ രാഷ്ട്രീയത്തില്‍ ദൈവം ഇല്ല എന്നതു തന്നെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
‘എന്റെയും നിങ്ങളുടേയും വീടായ പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും ക്ഷേത്രത്തിലേത് പോലെ പൂജകള്‍ നടന്ന രാജ്യത്ത്, പ്രധാനമന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്? രാജ്യത്തെ നിശബ്ദമാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണ്. ലോകത്ത് ഒരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ല. ഒന്നിച്ചുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യം.
മണിപ്പൂരും പലസ്തീനും നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു. അത് അവരുടെ പ്രശ്നം മാത്രമായി കാണാതെ, ഒരു സ്ഥലത്തെ പ്രശ്നമായി കാണാതെ രാജ്യത്തിന്റെ പ്രശ്നമായി കാണണം, മനുഷ്യന്റെ ദുഃഖമായി കാണണം. ജനാധിപത്യം എന്നത് നമ്മുടെ സ്വപ്നമായിരുന്നു, എന്നാലിന്ന് നമ്മുടെ രാജ്യം പകുതി ഹിന്ദു രാഷ്ട്രമായിരിക്കുന്നു. പണ്ട് ഉണ്ടായിരുന്ന ജാതിവ്യസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്ക്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്. നിശ്ശബ്ദരായിരുന്നവര്‍ക്ക് ചരിത്രം മാപ്പ് തരില്ല’, പ്രകാശ് രാജ് പറഞ്ഞു.
Post Your Comments