സൂപ്പർഹിറ്റ് സിനിമകളുടെ കോടി കളക്ഷൻ കുറിച്ച് നടൻ മുകേഷ്. ഒരു പുതിയ സിനിമ ഇറങ്ങിയാൽ അതിന്റെ കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ആദ്യ ദിന കളക്ഷൻ, ഫൈനൽ കളക്ഷൻ തുടങ്ങി ഓരോ കളക്ഷൻ റിപ്പോർട്ടും സിനിമാ പ്രേമികൾ ചർച്ചയാക്കുന്നുണ്ട്. 100 കോടി എന്നൊക്കെ നിർമ്മാതാക്കൾ തള്ളുമ്പോൾ ഇൻകം ടാക്സ് വരുമ്പോൾ മാത്രമേ സത്യം അറിയാൻ കഴിയൂ എന്നാണ് മുകേഷ് പറയുന്നത്.
‘100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇൻകം ടാസ്ക് വരുമ്പോൾ അറിയാം. ശത്രുക്കൾ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ. വലിയ വിജയങ്ങളൊക്കെ ഉണ്ട്. 100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അതുപോലെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും. അതൊക്കെ സിനിമയുടെ ഒരു ഗിമിക്സ് ആണ്. ഇനി നൂറ് ദിവസമൊന്നും ഒരു സിനിമയും തിയറ്ററിൽ ഓടില്ല. സെന്റേഴ്സ് കൂടി, ഒ.ടി.ടി വന്നു. ഒ.ടി.ടിയിൽ ഒരു സിനിമ എടുത്ത് കഴിഞ്ഞാൽ പിന്നെ ആരും തിയറ്ററിൽ പോകത്തില്ല. ഗോഡ് ഫാദറിന്റെ റെക്കോർഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനിൽക്കും. 415 ദിവസമാണ് ഓടിയത്. അതിനി ആർക്കും മറിക്കടക്കാൻ സാധിക്കില്ല. അൻപത് ദിവസമൊക്കെ കഷ്ടിച്ച് ഓടും’, മുകേഷ് പറഞ്ഞു.
മുകേഷും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന അയ്യര്‍ ഇന്‍ അറേബ്യം ഫെബ്രുവരി 2ന് തിയറ്ററുകളില്‍ എത്തും. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരാണ് മറ്റ് താരങ്ങള്‍.
Post Your Comments