തന്റെ മുത്തച്ഛൻ വിഷ വൈദ്യനായിരുന്നെന്നും കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം നടി സ്വാസിക ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു. വിഷമിറക്കുമ്പോള് വീട്ടിലെ തൊഴുത്ത് നിന്ന് കത്തുമെന്ന് കേട്ടിട്ടുണ്ടെന്നും സ്വാസിക വാദിച്ചു. പരാമർശത്തിന് പിന്നാലെ സ്വാസികയ്ക്ക് നേരെ ട്രോളുകള്‍ വന്നു.
ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിലും സ്വാസിക തന്റെ വാദം ആവർത്തിച്ചിരിക്കുകയാണ്. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേർസ് മോണിംഗ് ഷോയില്‍ പങ്കെടുത്തപ്പോൾ താരം വീണ്ടും ഇത് ആവർത്തിച്ചു.
read also: എന്റെ അടുക്കളയിൽ ആരും കയറാൻ പാടില്ല, എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണം: നടി രംഭ
‘എന്റെ അമ്മൂമ്മ ജീവിച്ചിരിക്കുന്നുണ്ട്. അവർ കണ്ട കഥകളാണിതൊക്കെ. തൊഴുത്ത് കത്തുക എന്ന് പറഞ്ഞാല്‍ തൊഴുത്തങ്ങ് നിന്ന് കത്തുകയല്ല. അപശകുനം പോലെ ഒരു സംഭവം വരുകയാണ്. പനിയില്ലാത്തവർക്ക് പനി വരുമെന്നും’ സ്വാസിക വാദിച്ചു.
സ്വാസിക പറഞ്ഞത് പോലെ പാമ്പിൻ വിഷമിറപ്പിക്കുന്ന കാര്യം താനും കേട്ടിട്ടുണ്ടെന്ന് മാധ്യമപ്രവർത്തക സുജയ പാർവതി പറഞ്ഞു. അതേസമയം സ്വാസികയുടെ വാദത്തെ നികേഷ് കുമാർ എതിർത്തു. ഇത് അന്ധവിശ്വാസമാണെന്നും പാമ്പ് ബുദ്ധിയില്ലാത്ത ജീവിയാണെന്നും നികേഷ് കുമാർ ചൂണ്ടിക്കാട്ടി.
‘ശാസ്ത്രീയമായി നോക്കുമ്പോള്‍ അതില്‍ പല പിഴവുകളും കാണും. ചില കാര്യങ്ങള്‍ നമ്മള് നേരില്‍ കാണുന്നുണ്ട്. സർപ്പക്കാവില് ആയില്യം പൂജ കഴിയുമ്പോള്‍ ബുദ്ധിയില്ലാത്ത, ചെവി കേള്‍ക്കാത്ത പാമ്പ് കൃത്യ സമയത്ത് വിളക്കിന് ചുറ്റും വന്ന് നില്ക്കുന്നു. വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ ഇത് വളരെ പ്രശസ്തമാണ്. പൂജ കഴിയുമ്പോള്‍ കൃത്യമായി പാമ്പ് വരും.’- താരം പറഞ്ഞു.
‘ഇന്റർവ്യൂയില്‍ ഇതാണ് സത്യം, ഇത് മാത്രം നിങ്ങള്‍ വിശ്വസിക്കൂ എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ എന്റെ അമ്മൂമ്മ പറഞ്ഞിരുന്നു, എനിക്കത് വിശ്വസിക്കാനാണ് ഇഷ്ടം. നമ്മുടെ ബുദ്ധിക്കുമപ്പുറം ചില ചിന്തകള്‍ ഈ ലോകത്തുണ്ടെന്ന് വിശ്വസിക്കുന്ന ഫാമിലിയാണ് തന്റേതെന്നും സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ കാര്യമാക്കുന്നില്ല. ട്രോളുകള്‍ എനിക്ക് ഇഷ്ടമാണ്. ആളുകള്‍ നമ്മളെക്കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കട്ടെ. സുരേഷ് ഗോപി സാറുടെ മകളുടെ കല്യാണം വന്നപ്പോള്‍ എന്റെ പാമ്പിന്റെ സ്റ്റോറി കുറച്ച് കുറഞ്ഞു. അതിന്റെ സങ്കടത്തിലാണ് താനെന്ന്’ സ്വാസിക വ്യക്തമാക്കി.
പാമ്പ് കടിച്ചാല്‍ മെഡിക്കല്‍ ചികിത്സ മാത്രമാണ് പ്രതിവിധിയെന്ന് നികേഷ് കുമാർ പറഞ്ഞു.
Post Your Comments