മലയാളികളുടെ പ്രിയ താരമാണ് ജയറാം. അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘എബ്രഹാം ഓസ്ലറി’ലൂടെ ഗംഭീര തിരിച്ചു വരവിനു ഒരുങ്ങുകയാണ് ജയറാമിപ്പോൾ. ഈ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ മുൻപ് ഒരു കടയുടെ ഉദ്ഘാടനത്തിന് പോയപ്പോൾ തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ജയറാം പത്രത്തിൽ വരെ വന്ന വർത്തയെക്കുറിച്ച് പങ്കുവച്ചത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ശരിക്കും നടന്നതാണ്. എന്റെ നാട്ടുകാരായ പെരുമ്പാവൂരുകാര്‍ക്കെല്ലാം അറിയാം. പത്രത്തില്‍ വരികയും ചെയ്തിരുന്നു. തുണിക്കടയില്‍ വസ്ത്രാക്ഷേപം എന്ന് പറഞ്ഞ്. എന്റെ നാട്ടിലെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു. സില്‍ക്ക് മുണ്ടായിരുന്നു ധരിച്ചിരുന്നത്. എന്റെ നാടായതിനാല്‍ എന്നെ കാണാന്‍ അവിടെയൊരു ജനസമുദ്രം തന്നെയുണ്ടായിരുന്നു. അപ്പോള്‍ എന്റെ മനസില്‍ വന്നത്, എന്റെ നാട്ടുകാര്‍, എന്റെ കൂടെ പഠിച്ചവര്‍, എന്നെ അറിയുന്നവര്‍, അപ്പോള്‍ അവരുടെ മുന്നില്‍ ഞാന്‍ കാറില്‍ പോയി റ്റാറ്റ വീശി കാണിച്ച് ഇറങ്ങിയാല്‍ എങ്ങനെയാണ്.
വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഇറങ്ങി എല്ലാവര്‍ക്കും കൈ കൊടുത്ത് കൊടുത്ത് പോയി. പോണ വഴിക്ക് ഓരോരുത്തരായി മുണ്ടില്‍ ചവിട്ടി ചവിട്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ട കടയുടെ മുന്നിലെത്തുന്നത്. അവിടെ എത്തിയതും മുണ്ട് താഴേക്ക് പോയി. ഏതോ ഒരു ചെക്കന്‍ അതും എടുത്ത് ഓടി. ഷര്‍ട്ടിന് ഇറക്കമുള്ളതിനാല്‍ രക്ഷപ്പെട്ടു. ഇന്നോ മറ്റോ ആയിരുന്നുവെങ്കില്‍ ക്യാമറ അടിയില്‍ കൂടെ വന്നേനെ. അന്ന് അവരോട് പറഞ്ഞപ്പോഴേക്കും ക്യാമറ ഓഫാക്കി. അഞ്ച് മിനുറ്റോളം മുണ്ടില്ലാതെ അവിടെ നിന്നു. അപ്പോഴേക്കും ആരോ പോയി ആ ചെക്കന്റെ കയ്യില്‍ നിന്നും ആ മുണ്ട് വാങ്ങി കൊണ്ടു വന്നു. ആരോ പറഞ്ഞു തുണിക്കടയല്ലേ ഒരു മുണ്ടെടുത്ത് കൊടുക്കെന്ന്. ഏയ് അത് പറ്റില്ല, ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെന്നാണ് കട ഉടമ പറഞ്ഞത്. നാട മുറിച്ചിട്ടില്ല. വിത്ത് കത്രികയാണ് നില്‍ക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഈ കഥ.’- ജയറാം പറഞ്ഞു.
Post Your Comments