താരങ്ങള്‍ക്ക് ഇടയ്ക്ക് ആരാധകരുടെ പെരുമാറ്റം ശല്യമായി തോന്നാറുണ്ട്. ഇതിനെ തുടര്‍ന്ന് ചില താരങ്ങള്‍ പ്രതികരിക്കാറുമുണ്ട്. അനുവാദമില്ലാതെ സ്പർശിക്കുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും പലരും പ്രതികരിക്കും. അക്കൂട്ടത്തിൽ മുൻപന്തിയിൽ ഉള്ള താരമാണ് നടൻ അജിത്ത്. അനുവാദമില്ലാതെ ഫോട്ടോ എടുത്തതിന് ആരാധകരോട് പലപ്പോഴും അജിത്ത് പ്രതികരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി ഡിലീറ്റ് ചെയ്യുന്ന അജിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് നടന് ചെയ്തതെന്ന കമന്റുകളും അതിനൊപ്പം തന്നെ വിമര്‍ശനങ്ങളും നടനെതിരെ ഉയരുന്നുണ്ട്. ഇതാദ്യമായല്ല അജിത്ത് ഇത്തരം വിമര്‍ശനങ്ങള്‍ നേരിടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പോളിംഗ് ബൂത്തില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത്ത് പിടിച്ചെടുത്തിരുന്നു.
അതേസമയം, ഭാര്യ ശാലിനിക്കും കുടുംബത്തിനും ഒപ്പം ദുബായില്‍ പുതുവര്‍ഷം ചെലവഴിക്കുന്ന തിരക്കിലാണ് നടനിപ്പോള്‍. ദുബായിലുള്ള താരദമ്പതികളുടെ ഫോട്ടോയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനോടൊപ്പമാണ് ആരാധകന്റെ ഫോണ്‍ പിടിച്ച് വാങ്ങുന്ന വീഡിയോയും വൈറലായത്. ‘വിടാമുയര്‍ച്ചി’ എന്ന സിനിമയാണ് അജിത്തിന്റെതായി നിലവില്‍ ഒരുങ്ങുന്നത്.
Post Your Comments