ഒരു സഹായം ചോദിച്ചാല്‍ ഉടനെ അത് ചെയ്ത് തരുന്ന ആളാണ് തെന്നിന്ത്യൻ താരം സൂര്യയെന്ന് തമിഴ് സംവിധായകൻ മണി ഭാരതി. സൂര്യയുടെ ‘നേര്‍ക്ക് നേര്’, ‘പൂവെല്ലം കേട്ടുപ്പാര്‍’ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് മണി ഭാരതി. ഇത്രയും വലിയ ഉയരത്തിലെത്തിയിട്ടും സൂര്യ തന്നെ പരിഗണിക്കുകയും സഹായിക്കുകയും ചെയ്ത കാര്യം ഒരു അഭിമുഖത്തിൽ സംവിധായകൻ പങ്കുവച്ചു.
read also: ഫൈവ് സ്റ്റാർ ഹോട്ടലുകളേക്കാളും ഞാൻ സുഖിച്ച് ഉറക്കുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്: അഖിൽ മാരാർ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘സൂര്യ ഒരുപാട് ഉയരത്തിലെത്തി. ഇപ്പോഴും എന്നെ എവിടെവെച്ച് കണ്ടാലും സംസാരിക്കാറുണ്ട്. എന്റെ ഭാര്യയെക്കുറിച്ചും ചോദിക്കും. നേര്‍ക്ക് നേര് എന്ന സിനിമ കഴിഞ്ഞ സമയത്തായരുന്നു എന്റെ വിവാഹം. ആ സമയത്ത് സൂര്യ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ എന്റെ ഭാര്യയ്ക്ക് സമ്മാനങ്ങളും നല്‍കിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് എന്റെ മകൻ എഞ്ചിനീയറിംഗിന് പഠിക്കുന്ന സമയത്ത് ഒരു സംഭവം നടന്നു. അന്ന് അവസാന വര്‍ഷത്തെ ഫീസ് അടയ്ക്കാൻ എന്റെ കൈയ്യില്‍ പണം ഇല്ലായിരുന്നു. എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. ആരോട് ചോദിക്കുമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു.
എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുമ്പോഴാണ് സൂര്യയോട് ചോദിച്ചാലോ എന്ന് ചിന്തിച്ചത്. അതുവരെയും ഞാൻ അദ്ദേഹത്തോട് ഒരു സഹായവും ചോദിച്ചിട്ടില്ലായിരുന്നു. മാനേജര്‍മാര്‍ മുഖേന പോയാല്‍ നടക്കാനുള്ള സാധ്യത കുറവാണ്. ഞാൻ സൂര്യയുടെ പേഴ്സണല്‍ നമ്പര്‍ കണ്ടു പിടിച്ചു.
ഒരു മെസേജ് അയച്ച് അഞ്ച് മിനുട്ടായതും അദ്ദേഹം ഫോണില്‍ വിളിച്ചു. കോളേജിന്റെ വിവരങ്ങള്‍ അയക്കാൻ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ സൂര്യയുടെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഡിഡി റെഡിയായിട്ടുണ്ട്, കലക്ട് ചെയ്യണമെന്ന് പറഞ്ഞു. ഈ സമയം അദ്ദേഹം ബോംബെയില്‍ വേറെയേതോ സിനിമയുടെ ഷൂട്ടിംഗില്‍ തിരക്കിലായിരുന്നു. അത്രയും തിരക്കിലും മറക്കാതെ എനിക്ക് വേണ്ടി സഹായം ചെയ്തു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് അയച്ചു. ഓള് ദ ബെസ്റ്റ് എന്ന് മറുപടി വന്നു. ഒപ്പം ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമെന്ന വാചകവുമുണ്ടായിരുന്നു. അതെന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തി.’- സൂര്യ
Post Your Comments