
മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത സുരേഷ്. മകള്‍ അവന്തികയെ തന്നെ കാണിക്കാതെ അമൃത പിടിച്ചു വച്ചിരിക്കുകയാണെന്നും തനിക്കെതിരെ പോക്‌സോ കേസ് നല്‍കിയെന്നുമുള്ള ബാലയുടെ ആരോപണത്തിനു തന്റെ അഭിഭാഷകര്‍ക്കൊപ്പം വീഡിയോയിലെത്തിയാണ് അമൃതയുടെ പ്രതികരണം. താനും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിന്റെ സമയത്ത് ഇരുവരും ഒപ്പിട്ട നിബന്ധനകള്‍ അടക്കം പുറത്തു വിട്ടു കൊണ്ടായിരുന്നു അമൃത മറുപടി നൽകിയിരിക്കുന്നത്.
read also: ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്, ഞങ്ങളുടെ വിവാഹം നടക്കില്ല: കാമുകനു കല്യാണമായെന്നു ഷക്കീല
‘രണ്ട് പേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും ചെയ്യില്ലെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് ബാല ഇത്രയും വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ പല ആരോപണങ്ങളും നടത്തുന്നത്. കുട്ടിയെ പലപ്പോഴും കാണിക്കുന്നില്ലെന്നാണ് ബാല പറയുന്നത്. കുട്ടിയുടെ കസ്റ്റഡി 18 വയസുവരെ അമൃത സുരേഷിനാണ്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മാത്രമാണ് ബാലയ്ക്ക് മകളെ കാണാന്‍ അവകാശമുള്ളത്. കുടുംബ കോടതിയില്‍ വച്ചാണ് ഈ കൂടിക്കാഴ്ച നടക്കേണ്ടത്. കൂടിക്കാഴ്ചയ്ക്കായി നേരത്തെ അമൃതയെ ബാല അറിയിക്കുകയും ചെയ്യണം. ബാല പറഞ്ഞത് പോലെ ക്രിസ്തുമസിനോ ഓണത്തിനോ കാണാനുള്ള നിയമമൊന്നുമില്ല’- അഭിഭാഷകര്‍ പറയുന്നു.
രണ്ടാം ശനിയാഴ്ച പത്ത് മണി മുതല്‍ മൂന്ന് മണി വരെയാണ് ബാലയ്ക്ക് മകളെ കാണാനുള്ള സമയം. ഇത് പ്രകാരം ആദ്യത്തെ രണ്ടാം ശനിയാഴ്ച അമൃത മകള്‍ക്കൊപ്പം കോടതിയിലെത്തിയിരുന്നു. എന്നാല്‍ ബാല വന്നില്ല. അങ്ങനെ ബാല വരാതിരുന്നാല്‍, ആ മാസം കുട്ടിയെ കാണിക്കേണ്ടതില്ലെന്നാണ് നിബന്ധന. അടുത്ത മാസം കാണണമെങ്കില്‍ നേരത്തെ ഫോണില്‍ വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം അമൃത കുട്ടിയെ കൊണ്ടു ചെല്ലേണ്ടതില്ലെന്നും നിബന്ധനയില്‍ പറയുന്നുണ്ട്.
‘വിവാഹ മോചനത്തിന് ശേഷം ഒരു തവണ പോലും മകളെ കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മെസേജ് അയക്കുകയോ മെയില്‍ അയക്കുകയോ ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ മകളെ കാണിക്കുന്നില്ല എന്ന് പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നെ തേജോവധം ചെയ്യാനും, ഞാന്‍ കുട്ടിയെ പിടിച്ചു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് പരത്താന്‍ വേണ്ടി മാത്രമുള്ള വാര്‍ത്തയാണ്. അല്ലാതെ മോളെ പിടിച്ചു വച്ചിട്ടില്ല. ഈ നിമിഷം വരെ നിയമം പറയുന്നതേ ചെയ്തിട്ടുള്ളൂ. ഇതുവരെ നിയമം തെറ്റിച്ചിട്ടില്ല’- എന്ന് അമൃത വ്യക്തമാക്കി.
’25 ലക്ഷം രൂപയാണ് അമൃതയ്ക്ക് നഷ്ടപരിഹാരം കൊടുത്തിരിക്കുന്നത്. കൂടാതെ മകളുടെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. അച്ഛന്‍ എന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന ആള്‍ വിദ്യഭ്യാസം, വിവാഹം, തുടങ്ങിയുള്ള കാര്യങ്ങളിലൊന്നും ഒരു പൈസ പോലും മകള്‍ക്ക് വേണ്ടി ചെലവാക്കില്ലെന്നും അവന്തികയുടെ ഓരേയൊരു രക്ഷിതാവായി അമൃതയെ നിശ്ചയിക്കുന്നതില്‍ ബാലയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നിബന്ധനയില്‍ പറയുന്നുണ്ട്. എല്ലാ രേഖകളിലും ബാല തന്നെയായിരിക്കും മകളുടെ അച്ഛന്‍. അത് പ്രകാരം എല്ലാ രേഖകളിലും ഇപ്പോഴും ബാല തന്നെയാണ് കുട്ടിയുടെ അച്ഛന്‍. കുട്ടിയുടെ പെര്‍മനന്റ് കസ്റ്റഡി അമൃതയ്ക്കാണ്. എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമൃതയാണ്. അതിലൊന്നും ഇടപെടില്ലെന്നും ബാല നിബന്ധനയില്‍ പറയുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ബാല ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും’- അഭിഭാഷകര്‍ പറയുന്നു.
Post Your Comments