മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് യുവാവ്. മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് ആണ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. സനോജ് റഷീദിന്റെ മാപ്പ് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്‌പോണ്‍സ് വീഡിയോയിലാണ് മമ്മൂട്ടി മരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് ഇയാൾ പറഞ്ഞിരുന്നു.
‘ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയില്‍ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു’ എന്നാണ് സനോജ് റഷീദ് ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയില്‍ പറയുന്നത്.
സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്‌പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു സനോജ് റഷീദ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക. മമ്മൂട്ടി മരണപ്പെടുക. അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ’, എന്നാണ് ഇയാൾ പറഞ്ഞത്.
ഇയാളെ തിരുത്താൻ അവതാരകൻ ശ്രമിക്കുന്നുണ്ട്. ഇതോടെ ‘എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക’ എന്ന് യൂട്യൂബര്‍ ചോദിക്കുമ്പോള്‍, മമ്മൂട്ടി അഹങ്കാരിയാണ് എന്നാണ് ഇയാള്‍ പറയുന്നത്. ‘അങ്ങനെയല്ല, അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്. മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ’ എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
യൂട്യൂബര്‍ക്കെതിരെ അടക്കം വിമര്‍ശന കമന്റുകള്‍ എത്തിയിരുന്നു.
Post Your Comments