CinemaLatest News

‘സ്‌കൂളിൽ ചെന്നപ്പോൾ പേര് പ്രശ്നമാണല്ലോ ഇത് ഹിന്ദു കുട്ടിയല്ലേ എന്ന് അധ്യാപകർ ചോദിച്ചു’: ആ കഥ പറഞ്ഞ്

നടൻ സലീം കുമാർ മുസ്ലീമാണോ അതോ ഹിന്ദുവാണോയെന്നുള്ള ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും താരം നേരിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് തന്നെയാണ് അതിന് കാരണം. ഇപ്പോഴിതാ തനിക്ക് എങ്ങനെ ആ പേര് ലഭിച്ചുവെന്ന് പറയുകയാണ് താരം. കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളിൽ ഒരാളായിരുന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങൾ തന്റെ പേരിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സലീം കുമാർപറയുന്നു. അന്ന് സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടരായി മാതാപിതാക്കൾ മക്കൾക്ക് ജാതി തിരിച്ചറിയാത്ത പേരുകൾ ഇടാൻ തുടങ്ങി. അങ്ങനെയാണ് തനിക്ക് സലീം എന്ന പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

‘സഹോദരൻ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണെന്ന് നോക്കാം. എന്റെ പേര് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അന്നത്തെ കാലത്തെ ചെറുപ്പക്കാർ സഹോദരൻ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകരമായിട്ടുമുള്ള പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വന്തം മക്കൾക്ക് കേട്ടാൽ ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ തുടങ്ങി. ഉദാഹരണത്തിന് എന്റെ പേര് സലീം. ജലീൽ, ജമാൽ, നാഷാദ് എന്നീ പേരുകൾ ഹിന്ദു കുട്ടികൾക്ക് പ്രത്യേകിച്ച് ഈഴവ കുട്ടികൾക്കൊക്കെ ഇടാൻ തുടങ്ങി.

അങ്ങനെ എനിക്ക് സലീം എന്ന പേര് ഇട്ടു. പേരിനൊപ്പം കുമാർ വന്നതും പറയാം, ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുര എൽപിഎസിൽ ചേർക്കാൻ ചെന്നു. എന്താ കുട്ടിയുടെ പേര് എന്ന് ചോദിച്ചപ്പോൾ സലീം എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് പേര് പ്രശ്നമാണല്ലോ ഇത് ഹിന്ദു കുട്ടിയല്ലേ എന്നാണ്. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അവിടെ വച്ച് അദ്ധ്യാപകർ പേരിനൊപ്പം കുമാർ എന്ന് കൂടി ചേർത്താൽ മതിയെന്ന് പറഞ്ഞു. അങ്ങനെ കുമാർ ചേർത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസുവരെയും ഞാൻ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button