തമിഴകത്തിന്റെ പ്രിയതാരം വിജയകാന്ത് വിടവാങ്ങിയതിന്റെ വേദനയിലാണ് ആരാധകർ. വെള്ളിത്തിരയിലും ആരാധകർക്കിടയിലും അരനൂറ്റാണ്ടുകാലം ക്യാപ്റ്റനായി നിറഞ്ഞു നിന്ന വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴകത്ത് സൂപ്പർ താര പദവിയിൽ വിലസിയിരുന്നു. മധുരൈ സ്വദേശിയായ വിജയരാജ് അളഗർസാമി എന്ന വിജയകാന്ത് 1979 ല്‍ ഇനിക്കും ഇളമൈ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്.
1981 ല്‍ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ നായകന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ താരപദവി അരക്കിട്ടുറപ്പിച്ചു. 1984ല്‍ പതിനെട്ടോളം സിനിമയില്‍ അദ്ദേഹം നായകനായി. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി രണ്ട് പതിറ്റാണ്ടുകാലം രജനികാന്തിനും കമല്‍ഹാസനുമൊപ്പം തമിഴ് സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായ വിജയകാന്ത് ആക്ഷൻ ചിത്രങ്ങളിലൂടെയാണ് തന്റെ താരപദവി നിലനിർത്തിയത്. 1991ല്‍ ക്യാപ്റ്റന്‍ പ്രഭാകര്‍ എന്ന നൂറാമത്തെ ചിത്രത്തിലെ അഭിനയത്തിനു പിന്നാലെ വിജയകാന്ത് ക്യാപ്റ്റന്‍ എന്ന പേരില്‍ ആരാധകർക്കിടയിൽ അറിയപ്പെട്ടു. നാടിനും കുടുംബത്തിനുംവേണ്ടി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജര്‍ എന്ന വിളിപ്പേരും വിജയകാന്ത് സ്വന്തമാക്കി.
മണിരത്നം രചനയും നിര്‍മ്മാണവും നിര്‍വഹിച്ച സത്രിയന്‍, അമ്മന്‍ കോവില്‍ കിഴക്കാലേ, വൈദേഹി കാത്തിരുന്താല്, ചിന്ന ഗൌണ്ടര്‍, വല്ലരസു, പുലന്‍ വിസാരണൈ, ഭരതന്, ഏഴൈ ജാതി, സേതുപതി ഐപിഎസ്, കറുപ്പ് നില, ധര്‍മ്മ ചക്രം, പെരിയണ്ണ തുടങ്ങിയ ചിത്രങ്ങൾ തമിഴകത്ത് സൂപ്പർതാര പദവി ഉറപ്പിച്ചു നൽകി. അതിനു പിന്നാലെ ദേശീയ ബോധമുള്ള ചിത്രങ്ങളും രാഷ്ട്രീയപാർട്ടിയുമായുള്ള കടന്നുവരവുമെല്ലാം അദ്ദേഹത്തിന് തിരിച്ചടിയായി. ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി 2005ല്‍ വിജയകാന്ത് ആരംഭിച്ചു.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 234 സീറ്റുകളില്‍ ഡിഎംകെ മത്സരിച്ചു. രണ്ടുതവണ എംഎൽഎയായ വിജയകാന്ത് 2011 മുതൽ 2016 വരെ തമിഴ്നാട്ടിൽ പ്രതിപക്ഷനേതാവായിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ നിറംമങ്ങി. അനാരോഗ്യം ബാധിച്ചതോടെ ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു താരം. കഴിഞ്ഞ ദിവസം വിജയകാന്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിടെയാണ് താരം വിടവാങ്ങിയെന്ന വാർത്ത പുറത്തു വന്നത്.
Post Your Comments