മലയാളത്തിന്റെ പ്രിയതാരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ‘ഹൃദയം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് താരം.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസം കൊണ്ടാണ് വിനീതും സംഘവും പൂര്‍ത്തിയാക്കിയത്. ആത്മാര്‍ഥതയുള്ള ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ ഒപ്പമുള്ളതുകൊണ്ടാണ് ഈ സിനിമ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് പാക്കപ്പ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിനീത് ശ്രീനിവാസന് കുറിച്ചു.
read also: കൺമണിക്കൊപ്പം മഹാലക്ഷ്മി ക്ഷേത്ര സന്ദർശനം നടത്തി രാം ചരണും കുടുംബവും
കുറിപ്പ് പൂർണ്ണ രൂപം,
‘ധ്യാനിന്റെ ജന്മദിനമായ ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ഞങ്ങള്‍ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയും അഭിനിവേശമുള്ള ഒരു കൂട്ടം ആളുകളുടെ ഒരു സൈന്യം തന്നെ എന്നോടൊപ്പമുണ്ട് എന്നുള്ളതില്‍ ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനാണ്. എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താല്‍ സിനിമാ നിര്‍മ്മാണ പ്രക്രിയ എത്ര മനോഹരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എനിക്ക് തെളിയിച്ചു തന്ന സിനിമയാണിത്. നിങ്ങള്‍ പ്രകൃതിയെയും വെളിച്ചത്തിന്റെ കിരണങ്ങളേയും ബഹുമാനിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് അമൂല്യമായ ഒന്ന് മടക്കിനല്‍കും. അത് നിങ്ങള്‍ക്ക് അതിന്റെ മാജിക് കാണിച്ചുതരും. എന്നെ സംബന്ധിച്ചിടത്തോളം ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമ അത് എനിക്ക് ഒന്നുകൂടി വെളിപ്പെടുത്തിത്തന്നു. ഞങ്ങളുടെ ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും. .’ വിനീത് ശ്രീനിവാസന് കുറിച്ചു.
Post Your Comments