ആരോപണങ്ങളെ കാറ്റിൽ പറത്തി നേര് വെളിപ്പെടുത്തി കോടതി: നേര് നാളെ തീയേറ്ററുകളിൽ

നേര് എന്ന സിനിമയുടെ കഥയുമായി ഇതിനു യാതൊരു ബന്ധവുമില്ല

ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന നേര് എന്ന ചിത്രത്തിന്റെ റീലീസ് തടയണം എന്നാവശ്യപ്പെട്ട് എഴുത്തുകാരൻ ദീപു കെ ഉണ്ണി അടുത്തിടെ ഹൈകോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു. സംവിധായകൻ ജീത്തു ജോസഫും ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയും ചേർന്ന് തന്റെ സ്ക്രിപ്റ്റ് മോഷ്ടിച്ചാണ് നേര് എന്ന സിനിമ തയാറാക്കിയിരിക്കുന്നത് എന്നാണ് ഹർജിക്കാരന്റെ വാദം.

കുറച്ചു വർഷങ്ങൾക്ക് മുൻപ് കൊച്ചി മാരിയട്ട് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ വച്ചു താൻ ഒരു തിരക്കഥ ജീത്തു ജോസഫിനു നൽകിയെന്നും പിന്നീട് താൻ അറിയാതെ അത് സിനിമയാക്കി എന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ ഈ സ്റ്റേ ഹർജി കേട്ട കോടതി ആവശ്യം നിരാകരിച്ചിരിക്കുകയാണ്.

കേട്ട പാതി കേൾക്കാത്ത പാതി ജീത്തു ജോസഫിനു എതിരെയും നേര് എന്ന സിനിമക്ക് എതിരെയും വാളെടുത്തു തുള്ളിയ പല മാധ്യമങ്ങളും അറിയാൻ ഈ സംഭവത്തിന്റെ നിജ സ്ഥിതി ഒന്ന് വിശദീകരിക്കാം.

മേൽ പറഞ്ഞ ദീപു ഉണ്ണി എന്ന എഴുത്തുകാരൻ ഹർജിയിൽ പറയുന്നത് . “നേര് സിനിമയുടെ ട്രൈലെർ കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടത് ” എന്നാണ്. ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിലുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ദീപുവിനോട്‌ ചോദിക്കാനുള്ളത് ഇതാണ്. രണ്ടു മണിക്കൂറിനു മേലെയുള്ള ഒരു സിനിമയുടെ വളരെ ചെറിയ അംശങ്ങൾ മാത്രമെടുത്താണ് 2 മിനിറ്റ് ഉള്ള ഒരു ട്രൈലെർ സൃഷ്ടിക്കുന്നത്. ആ രണ്ടു മിനിറ്റിൽ നിന്ന് ഒരു സിനിമയുടെ പൂർണമായ കഥാതന്തു മനസിലാക്കി എടുക്കണം എങ്കിൽ അതീന്തരിയ ജ്ഞാനം വേണം.

ബാക്കിയുള്ളതെല്ലാം അതേ ട്രൈലെർ കാണുന്നവന്റെ മനസിലുണ്ടാകുന്ന ഊഹങ്ങൾ മാത്രമാണ്. അത്തരം ഊഹാപോഹങ്ങൾ വച്ചു ഒരു സിനിമയുടെ കഥ മനസിലാക്കാനും അത് തന്റെ കഥയാണ് എന്ന് വിളിച്ചു പറയാനും ദീപു കെ ഉണ്ണിക്ക് എങ്ങനെ സാധിക്കുന്നു എന്ന് മനസിലാകുന്നില്ല. മുൻവിധികളോടെ മാത്രം നൽകിയ പരാതിയിന്മേൽ ഒരിടത്തും എഴുത്തുകാരൻ താൻ നേര് എന്ന ചിത്രം പൂർണമായി കണ്ടതായി പറഞ്ഞിട്ടുമില്ല. പക്ഷെ ചിന്തിച്ചു കൂട്ടിയ ആശങ്കങ്ങളുടെ പുറത്തേറി നേര്നെയും ജീത്തു ജോസഫിനെ പോലെയൊരു പ്രശസ്ത സംവിധായകനെയും താറടിച്ചു കാണിക്കാനുള്ള വ്യഗ്രത ഏറെ സംശയം ഉളവാക്കുന്ന ഒന്ന് തന്നെയാണ്. ഏതായാലും ദീപു നൽകിയ റിലീസ് സ്റ്റേ ചെയ്യാനുള്ള ഹർജി കോടതി നിരാകരിച്ചിരിക്കുകയാണ് ഇപ്പോൾ. അതിൽ നിന്ന് തന്നെ സത്യ സ്ഥിതി നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

നേര് റീലീസ് ചെയ്യാൻ വെറും ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ വളരെ ബാലിശമാണ് എന്ന് പറയാതെ വയ്യ. അടുത്ത ദിവസം റീലീസ് ചെയുന്ന ചിത്രം കണ്ട് ഹർജിക്കാരൻ വിലയിരുത്തിയ ശേഷം പോരെ സമൂഹ മാധ്യമങ്ങളിലെ ആക്ഷേപവും വെടിയും പുകയും എല്ലാം.

മലയാള സിനിമയെ പറ്റിയും മേന്മയെ പറ്റിയും വാ തോരാതെ സംസാരിക്കുന്നവർ തന്നെ ഇത്തരത്തിൽ യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങളെ പിന്തുണക്കുന്നു എന്നത് വിരോധാഭാസമാണ്. പല വലിയ സിനിമകളുടെയും റീലീസിന് മുൻപ് ഇത്തരത്തിലുള്ള റീലീസ് സ്റ്റേ ഹർജി ഗിമ്മിക്കുകൾ നടന്നിട്ടുള്ളത് കൊണ്ട് ആരോപണങ്ങളുടെ ന്യായം തെളിയിക്കേണ്ടത് ഹർജിക്കാൻ തന്നെയാണ്. അല്ലാത്ത പക്ഷം അത് മനപൂർവമായ വ്യക്തിഹത്യ എന്ന് വിലയിരുത്തേണ്ടി വരും.

സിനിമാ വൃത്തങ്ങളിൽ നിന്ന് വരുന്ന വിവരങ്ങൾ ദീപു കെ ഉണ്ണിയുടെ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ നിലനിൽക്കില്ല എന്ന് തന്നെയായിരുന്നു. ആ പറഞ്ഞത് സത്യമാണ് എന്ന് തെളിയിച്ച കോടതി വിധി കൂടെ വന്നപ്പോൾ പലരുടെയും വായ മൂടികെട്ടിയ മട്ടാണ്. മേൽ പറഞ്ഞ രണ്ടു തിരക്കഥകളുടെ ആകെ ഉള്ളൊരു സാമ്യം രണ്ടു കഥകളും കോർട്ട് റൂം ഡ്രാമ ആണെന്നുള്ളതാണ്. കോർട്ട് റൂം ഡ്രാമ എന്നത് ഏറിയ പങ്കും കോടതി പരിസരമായി വരുന്ന സിനിമകൾക്ക് പറയുന്ന പേരാണ്. ഇത്തരത്തിലുള്ള ഒരുപാട് സിനിമകൾ ഇതിനു മുൻപ് മലയാളത്തിലും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു പശ്ചാത്തലം ഉണ്ടെന്നു വച്ചു ഓരോ സിനിമയും വിഭിന്നങ്ങളായ പ്രമേയങ്ങൾ തന്നെയാണ് പറയുക.

കോർട്ട് റൂം ഡ്രാമ എന്ന ഒരു ജോണറിന്റെ മറ പറ്റി കൊണ്ട് ഇത്തരത്തിലുള്ള കോപ്പി ക്യാറ്റ് ആരോപണങ്ങൾ പൂർണമായും പരിശോധിച്ച ശെരി വച്ച ശേഷം മാത്രമേ നമുക്ക് പക്ഷം പിടിക്കാൻ സാധിക്കുകയുള്ളൂ. കോടതിയിൽ ദീപു നൽകിയിരിക്കുന്ന സ്ക്രിപ്റ്റിന്റെ എക്സിബിറ്റുകളിൽ നിന്ന് കോടതി പശ്ചാത്തലമാകുന്ന ഒരു കുടുംബ ചിത്രമാണ് പ്രസ്തുത വിവാദ സ്ക്രിപ്റ്റിലേത് എന്ന് മനസിലാക്കാനാകുന്നത്.

എന്നാൽ നേര് എന്ന സിനിമയുടെ കഥയുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഈ ആരോപണങ്ങളുടെ ‘നേര് ‘ തിരിച്ചറിയാൻ ഒരു പകൽ ദൂരം മാത്രമേയുള്ളു. ‘നേര് ‘ എന്ന സിനിമ നേര് പുറത്തു കൊണ്ടുവരട്ടെ. അത് വരെ കാത്തിരുന്നു കൂടെ.

 

Share
Leave a Comment