കൊച്ചി: പത്രപ്രവർത്തകനായിരുന്ന എപി നളിനൻ രചിച്ച ‘ശരവണം’ എന്ന നോവലെറ്റിന്റെ ചലച്ചിത്രാ വിഷ്കാരമാണ് ‘സ്വരം’. 2004ൽ കുങ്കുമം മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ശരവണം’ ഏറെ വൈകാതെ പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിരുന്നു. ഗവേഷക വിദ്യാർത്ഥിയായ ഉണ്ണിയുടെ ആത്മന്വേഷണത്തിന്റെ കഥയാണ് നോവലിൽ അനാവരണം ചെയ്യപ്പെടുന്നത്. നോവലിനെ അവലംബിച്ച് നളിനൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സ്വപ്നങ്ങളും മൗനനൊമ്പരങ്ങളും ഇടകലർന്ന മനസ്സുകൾ, വികല്പങ്ങളിൽ ഇടറിനില്ക്കുന്ന ആത്മാക്കൾ – ഇവയെകുറിച്ചാണ് ‘സ്വരം’ സംസാരിക്കുന്നത്. വാരിയത്തെ ലക്ഷ്മിക്കുട്ടിയും സർവകലാശാലയിലെ ലേഖയും ഉണ്ണിയുടെ മനസ്സിനെ ഒരേ സമയം തരളിതമാക്കുന്നുണ്ട്. നിരാസങ്ങൾക്കു മുന്നിൽ പതറി ഉണ്ണിയുടെ ചിന്തകൾ കാടുകയറുന്നതോടെ ഒരു ഉപരിമനസ്സിന്റെ സഹായം ആവശ്യമായി വരുന്നു. ലേഖയുടെ ആത്മീയ ഗുരുവായ ജ്ഞാന ചൈയ്തന്യയാണ് ഉണ്ണിയെ ഉള്ളുണർത്തി ജീവിത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.
സ്നേഹത്തെ കുറിച്ചുള്ള തനിമയാർന്ന സന്ദേശമാണ് ‘സ്വരം’ നൽകുന്നത്. വ്യക്തിഗതമല്ലാത്ത സ്നേഹത്തിന്റെ ആത്മീയ തലങ്ങൾ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നു. നാടും നഗരവും ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നു. വൈദികനും അവധൂധനും മനഃശാസ്ത്രജ്ഞനും വികാരിയച്ചനുമെല്ലാം ഈ ചിത്രത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നുണ്ട്. സ്വച്ഛമായ ആത്മീയതയുടെ സാന്നിധ്യം അന്തരീക്ഷത്തെ ധന്യമാക്കുന്നു.
രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ്കുമാർ ചെറുകണ്ടിയിൽ നിർമ്മിക്കുന്ന ‘സ്വരം’ സംവിധാനം ചെയ്യുന്നത് നിഖിൽ മാധവാണ്. ക്യാമറ: മോഹിത് ചെമ്പോട്ടിയിൽ, എഡിറ്റർ : റെജിനാസ് തിരുവമ്പാടി. കോഴിക്കോട് മുക്കത്തും പരിസരങ്ങളിലുമാണ് സ്വരത്തിന്റെ ചിത്രീകരം നടന്നത്.
ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്, ഡോ. സനൽ കൃഷ്ണൻ, കവിത ബൈജു, മാളവിക നന്ദൻ, മായ ഉണ്ണിത്താൻ, വത്സല നിലമ്പൂർ, നന്ദന, അമേയ, മാസ്റ്റർ അർജുൻ സായ് തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ.പി. നളിനൻ, ടി. രേഖ, പ്രമോദ് വെള്ളച്ചാൽ എന്നിവരുടെ ഗാനങ്ങൾക്ക് എൽ. ശശികാന്ത്, ഹരികുമാർ ഹരേറാം എന്നിവർ ഈണം പകർന്നിരിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments