എല്ലാവരും മികച്ചതെന്ന് പറയുന്ന ആ സിനിമയിൽ മോഹൻലാലിന്റെ ഭാഷ വളരെ ബോർ, നന്നാക്കാൻ ശ്രമിച്ചില്ല: രഞ്ജിത്

ക്ലാരയേയും ജയകൃഷ്ണനേയും രാധയേയും മണ്ണാറത്തൊടിയേയുമൊക്കെ അറിയാത്ത മലയാളികൾ ഇല്ല. അത്രമേൽ മലയാളി മനസ്സിൽ ഇടംപിടിച്ച സിനിമയാണ് തൂവാനത്തുമ്പികൾ. മലയാളത്തിലെ എക്കാലത്തെയും മികച്ച കൾട്ട് ക്ലാസ്സിക്‌ റൊമാന്‍റിക് സിനിമയായാണ് അതുല്യ സംവിധായകൻ പത്മരാജന്‍റെ ഈ ചിത്രത്തെ ഏവരും നെഞ്ചോട് ചേര്‍ത്തിട്ടുള്ളത്. മോഹൻലാലിന്‍റേയും സുമലതയുടേയും എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾ തന്നെയാണ് ചിത്രത്തിലെ ജയകൃഷ്ണനും ക്ലാരയും.

മലയാളികൾ വാഴ്ത്തിപ്പാടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ തൃശൂർ ഭാഷയാണ് സംസാരിക്കുന്നത്. സിനിമ മനോഹരമാണെങ്കിലും ചിത്രത്തിലെ മോഹൻലാലിന്റെ ഭാഷ ഒരു പ്രശ്നമാണെന്ന് പറയുകയാണ് സംവിധായകൻ രഞ്ജിത്. മോഹൻലാലിന്റെ ഭാഷ ഒരു ബോർ ആണെന്നും, അത് ശ്രദ്ധിക്കാനോ നന്നാക്കാനോ പത്മരാജനോ മോഹൻലാലോ അന്ന് ശ്രമിച്ചില്ലെന്നും രഞ്ജിത് പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ (സംവിധായകന്‍ പത്മരാജന്‍) മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണ്. ആളുകള്‍ പറയാറുണ്ട് എന്റെയും മോഹന്‍ലാലിന്റെ മീറ്റര്‍ ഒരു പോലെയാണെന്നാണ്. അതുകൊണ്ടാണ് എന്റെ എഴുത്തുകള്‍ കൂടുതലും ചേര്‍ന്നുവരിക മോഹന്‍ലാലിനായിരിക്കും’, സംവിധായകൻ പറഞ്ഞു.

Share
Leave a Comment