നടി തൃഷ, ദേശീയ വനിതാ കമ്മിഷന് അംഗം ഖുശ്ബു, നടന് ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്കി നടൻ മന്‍സൂര്‍ അലി ഖാന്. മൂന്ന് പേരും ചേർന്ന് തന്നെ അപമാനിച്ചുവെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് മൻസൂർ അലി ഖാൻ ആവശ്യപ്പെടുന്നത്. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമാണ് ഹര്‍ജിയിലെ ആരോപണം.
ലിയോ സിനിമയുമായി ബന്ധപ്പെട്ട പരാമർശമാണ് വൻ വിവാദമായി മാറിയത്. താനാരെയും പരിഹസിച്ചിട്ടില്ലെന്നും എന്നാൽ, മനഃപൂർവ്വം തൃഷയടക്കം തന്നെ അപമാനിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വിവാദപരമായ പ്രസ്താവനയിലൂടെ തമിഴകത്തെ ആകെ ഞെട്ടിച്ച നടൻ മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് തന്നെ ആക്ഷേപിച്ച മൻസൂർ അലിഖാനെതിരെ നിയമ നടപടികൾ വേണ്ടെന്ന് തൃഷ പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു.
‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലായിരുന്നു തൃഷയ്ക്കെതിരെ മന്‍സൂര്‍ അശ്ലീല പരാമര്‍ശം നടത്തിയത്. ലിയോയില്‍ തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു നടന് പറഞ്ഞത്. ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. മന്‍സൂര്‍ ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിരുന്നു. പിന്നാലെ ലോകേഷ് കനകരാജ്, നടന്മാരായ ചിരഞ്ജീവി, നിതിന്‍, നടി മാളവിക മോഹനന്, ഗായിക ചിന്മയി തുടങ്ങിയവര്‍ തൃഷയ്ക്ക് പിന്തുണയുമായെത്തി.
Post Your Comments