യുവ നടി ലക്ഷ്മിക സജീവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സുഹൃത്തുക്കൾ. പ്രവാസജീവിതത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ലക്ഷ്മികയുടെ മരണം.
ഇപ്പോള്‍ ശ്രദ്ധനേടുന്നത് നിര്‍മാതാവ് പിടി അല്‍താഫ് ലക്ഷ്മികയെക്കുറിച്ചു പങ്കുവച്ച കുറിപ്പാണ്. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു അവള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. കടബാധ്യത തീര്‍ക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി കടല്‍ കടന്ന ലക്ഷ്മിക എല്ലാവരെയും കരയിച്ചു കൊണ്ടാണ് വിടപറയുന്നതെന്നു അല്‍താഫ് പറയുന്നു.
അല്‍താഫിന്റെ കുറിപ്പ്
ആരോടും യാത്ര പറയാതെ ‘കാക്ക’യിലെ പഞ്ചമി സ്വര്‍ഗലോകത്തേക്ക് യാത്രയായിരിക്കുന്നു. മനസ് മരവിച്ചിരിക്കുന്നു. ഹൃദയം വേദനയാല്‍ നുറുങ്ങിപ്പോകുന്നു. ഇല്ല ലക്ഷ്മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവള്‍ക്ക് സ്ഥാനം. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചവള്‍. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയം. സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത് അവള്‍ കെട്ടിപ്പടുത്തു. കടബാധ്യത തീര്‍ക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി അവള്‍ വീണ്ടും കടല്‍ കടന്നു. പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തു. ഒന്നു പൊട്ടിക്കരയാൻ പോലും ത്രാണിയില്ലാതെ, വീടിന്റെ വരാന്തയില്‍ തളര്‍ന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ, ഒന്നുമുരിയാടാതെ ദുഃഖം കടിച്ചമര്‍ത്തി ഞാൻ ആ വീട്ടില്‍ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു. അതെ, ‘കാക്ക’യിലെ പഞ്ചമിയെപ്പോലെ യഥാര്‍ഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അവള്‍. സ്വന്തം അച്ഛനെ വിട്ട് കാക്കയിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റെയും അടുത്തേക്ക് അവള്‍ യാത്രയായി. എല്ലാവരെയും കരയിച്ചു കൊണ്ട്. വിട, പ്രിയ സോദരീ.
Post Your Comments