ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്ന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴയും വെള്ളക്കെട്ടുമാണ് ഉണ്ടായത്. വീടുകളിൽ വെള്ളം കയറിയതോടെ സാധാരണക്കാരായ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈയുടെ ദുരവസ്ഥയിൽ അധികാരികൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ വിശാൽ. ചെന്നൈ നഗരത്തിൽ ഇങ്ങനെ വെള്ളം കയറുന്നത് വളരെ മോശവും സങ്കടകരമായ കാര്യവുമാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ചെന്നൈ മേയർ പ്രിയാ രാജൻ, കമ്മീഷണർ എന്നിവർ ഉൾപ്പെടെയുള്ള ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ എടുത്തുപറഞ്ഞുകൊണ്ടാണ് വിശാൽ കുറിപ്പും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
നടൻ വിശാലിന്റെ വാക്കുകൾ ഇങ്ങനെ;
‘ചെന്നൈ മേയർ പ്രിയാ രാജൻ, കമ്മീഷണർ ഉൾപ്പെടെയുള്ള ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെല്ലാവരും കുടുംബങ്ങൾക്കൊപ്പം സുരക്ഷിത സ്ഥാനത്തായിരിക്കുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ലെന്നും വൈദ്യുതിയും ആവശ്യത്തിന് ഭക്ഷണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുള്ള അതേ അവസ്ഥയിലല്ല മറ്റുള്ളവരെന്ന് ഇതേ നഗരത്തിൽ ജീവിക്കുന്ന പൗരനായ വോട്ടറെന്ന നിലയിൽ പറയുകയാണ്. എല്ലാവർക്കും അറിയുന്ന വിഷയമാണ്.
മഴ പെയ്താൽ ആദ്യം കറന്റ് പോകും. പിന്നാലെ പതിയെപ്പതിയെ റോഡിലെല്ലാം വെള്ളംകയറാൻ തുടങ്ങും. ശേഷം വെള്ളം വീടിനുള്ളിലേക്ക് കയറും. ഞാൻ താമസിക്കുന്ന അണ്ണാനഗറിലെ വീടിനുള്ളിൽ ഒരടിയിലേറെ വെള്ളം കയറിയിട്ടുണ്ട്. അണ്ണാനഗറിൽ ഇങ്ങനെയാണെങ്കിൽ മറ്റുള്ള ഭാഗത്തെല്ലാം എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചുനോക്കൂ. 2015ൽ ചെന്നൈ വെള്ളത്തിൽ മുങ്ങിയപ്പോൾ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു.
എട്ടുവർഷങ്ങൾക്കുശേഷം അതിലും മോശമായ അവസ്ഥയാണ്. സ്റ്റോം വാട്ടർ ഡ്രെയിൻ പ്രോജക്റ്റ് എവിടെപ്പോയി? പ്രശ്നപരിഹാരത്തിന് എംഎൽഎമാർ മുന്നിട്ടിറങ്ങിയാൽ പൊതുജനങ്ങൾക്ക് അതൊരു സഹായമായിരിക്കും. എല്ലായിടത്തും വെള്ളംകയറുക എന്നുപറയുന്നത് സങ്കടകരവും മോശവുമാണ്. ഇങ്ങനെയൊരു കത്തെഴുതേണ്ടിവന്നതിൽ നാണക്കേടുകൊണ്ട് തല കുനിയുകയാണ്. പൗരന്മാരോടുള്ള കടമ ചെയ്യുമെന്നല്ലാതെ അദ്ഭുതമൊന്നും അധികാരികളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.’
Post Your Comments