താൻ ജോലി മര്യാദക്ക് ചെയ്യുന്ന ഒരാളല്ല എന്ന് സുഹൃത്തായിരുന്ന വ്യക്തി പറഞ്ഞ്, തന്റെ ഒരു അവസരം ഇല്ലാതാക്കി തീർത്തുവെന്ന് പറഞ്ഞ് നടി സജിതാ മഠത്തിൽ. കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയെടുത്ത ഇടങ്ങൾ ഇല്ലാതാക്കാൻ ഇവർക്ക് ദീർഘകാല അടിസ്ഥാനത്തിൽ സാധ്യമല്ല എന്നും താരം കുറിച്ചിട്ടുണ്ട്.
കുറിപ്പ് വായിക്കാം
ഒരു പ്രോജക്ട് ഏറ്റെടുത്താൽ ഏറ്റവും ആത്മാർത്ഥതയോടെ അതിൻ്റെ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ പൂർണ്ണമായ ശ്രദ്ധ കൊടുക്കുന്നവരാണ് ഞാനടക്കമുള്ള ഭൂരിഭാഗം സ്ത്രീകൾ എന്നതാണ് എൻ്റെ വിലയിരുത്തൽ. അത് ഒരു ഔദ്യോഗിക സ്ഥാനമാകട്ടെ, ചെറുതോ വലുതോ പ്രോജക്ടുകളാവട്ടെ അത് എന്തായാലും അങ്ങിനെ തന്നെയാണ്. എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാതാവും. തീരെ അടുക്കും ചിട്ടയുമില്ലാതെ കിടന്ന ഇടങ്ങളെ അവർ മെച്ചപ്പെടുത്തി വിജയിപ്പിച്ച് എടുക്കുന്ന കാഴ്ച കണ്ടിട്ടുമുണ്ട്. ഈ അടുത്തു നടന്ന സംഭവമാണ്.
ഒരു ചർച്ചയിൽ എന്നെ ഒരു ചെറിയൊരു ജോലി ഏൽപ്പിച്ചാലോ എന്നൊരാലോചന വരുന്നു. അതിന് എൻ്റെ കൂടെ മറ്റൊരു പ്രോജക്ടിൽ ഇരുന്നവൻ എതിർക്കുന്നു.
”അയ്യോ അവരെ ഏൽപ്പിക്കണ്ട. അവർ പണിയെടുക്കില്ല എന്ന്!” അങ്ങിനെ അത് മുടക്കി ചാരിതാർത്ഥ്യമണിയുന്നു. അവിടെ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് എന്നോട് സംഗതി പിന്നീട് തിരക്കുന്നു.
ഇത്തരമൊരു പരാമർശം ആ മനുഷ്യൻ എന്നെ കുറിച്ച് പറഞ്ഞു എന്നതു തന്നെ എനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ആയതിനാൽ അന്ന് എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റ് അംഗങ്ങളോട് ഞാൻ ചോദിച്ചു. രണ്ടു വർഷം മുമ്പ് നമ്മൾ ഒന്നിച്ചല്ലെ ആ ജോലി കൃത്യസമയത്ത് ചെയ്തു തീർത്തത്? എല്ലാവരും ഒരുപോലെ തയ്യാറാക്കിയ നോട്ടുകളുടെ അടിസ്ഥാനത്തിലല്ലെ തീരുമാനമെടുത്തത്? ഞാൻ ആരാഞ്ഞു. അവരും ഇതു കേട്ട് അത്ഭുതപ്പെട്ടു!
രോഷവും സങ്കടവും വന്നെങ്കിലും ഞാൻ പിന്നെ അത് വിട്ടു. കാരണം അയാളുടെ ചെറിയ ലോകത്തല്ല ഞാൻ ജീവിക്കുന്നത് എന്നതുകൊണ്ട്, ഇത് എൻ്റെ മാത്രം അനുഭവമല്ല. മിക്കവാറും സ്ത്രീകൾ ഇത്തരം മനുഷ്യരുടെ പരാമർശങ്ങളിലൂടെ ഒഴിവാക്കപ്പെടുന്നത് ആ സ്ത്രീകളുടെ കുഴപ്പം കൊണ്ടല്ല എന്നും അവൻമാരുടെ അസൂയ കൊണ്ടാണ് എന്നും തിരിച്ചറിയുമ്പോൾ പ്രശ്നം തീരും. നമ്മൾ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയെടുത്ത ഇടങ്ങൾ ഇല്ലാതാക്കാൻ ഇവർക്ക് ദീർഘകാല അടിസ്ഥാനത്തിൽ സാധ്യമല്ല എന്നത് എനിക്കുറപ്പാണ്. പെണ്ണുങ്ങളെ നമ്മൾ പൊളിയാണ്.
Post Your Comments