പുരുഷ സ്വവർഗാനുരാഗം മുഖ്യപ്രമേയം ആകുന്ന കാതൽ എന്ന സിനിമയുടെ സജീവ ചർച്ചകളിലാണ് സിനിമ പ്രേക്ഷകരും സോഷ്യൽ മീഡിയയും. മമ്മൂട്ടിയെ പോലൊരു സൂപ്പർ താരം മാത്യു ദേവസി എന്ന സ്വവർഗ്ഗാനുരാഗിയുടെ കഥാപാത്രം ചെയ്തതാണ് ഇത്തരം ആഘോഷങ്ങൾക്ക് പിന്നിലുള്ള കാരണം .പക്ഷേ ചിത്രം കണ്ടുകഴിഞ്ഞാൽ വ്യക്തമാകുന്ന ഒരു കാര്യം കുടുംബ ബോധങ്ങളെ തൃപ്തിപ്പെടുത്തുന്നതും താര പദവിയെ നിലനിർത്തുന്നതും ശുദ്ധിയിലും വൃത്തിയിലും അഭിരമിക്കുന്നതുമായ തനി ആൺ കഥാപാത്രത്തെയാണ് കാതലിൽ ഉടനീളം നമുക്ക് കാണുവാൻ കഴിയുന്നത്.
മാത്യു ദേവസിക്കു മുമ്പിൽ മമ്മൂട്ടിയെന്ന സൂപ്പർ താരം നിറഞ്ഞു നിൽക്കുന്നു. മുംബൈ പൊലീസിലെ പൃഥ്വിരാജിന്റെ ആൻറണി മോസസ് എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നു. ക്രിമിനലായ ആൻറണി മോസസ് ആര്യൻ ജോൺ ജേക്കബിനെ കൊലപ്പെടുത്തുന്നത് ആര്യൻ തന്റെ സ്വവർഗ അനുരാഗ ഐഡന്റിറ്റിയെ കണ്ടെത്തുന്നതോടുകൂടിയാണ്. സാമൂഹ്യമാന്യതയിൽ വിള്ളൽ വീഴുമെന്ന ഭയമാണ് ആൻറണി മോസസിനെ ഇത്തരം ഒരു കൊലപാതകത്തിലേക്ക് നയിക്കുന്നത്. ചിത്രാന്ത്യത്തിൽ ആന്റണി കുറ്റവാളിയാണ് എന്ന് കണ്ടെത്തപ്പെടുകയും നിയമനടപടികൾക്ക് വിധേയമാവുകയും ചെയ്യുന്നു.
എന്നാൽ, കാതലിലാവട്ടെ മാത്യു ദേവസിയുടെ സ്വവർഗ്ഗാനുരാഗം ചർച്ച ആവുന്നുണ്ടെങ്കിൽ തന്നെയും അതിനുമപ്പുറത്ത് സ്വവർഗ്ഗാനുരാഗികളെ സമ്പൂർണ്ണമായി അംഗീകരിക്കുവാൻ കേരളത്തിന്റെ സാംസ്കാരിക സമൂഹം തയ്യാറാണെന്ന കാല്പനിക ബോധത്തെയാണ് കാതൽ സംപ്രേഷണം ചെയ്തെടുക്കുന്നത്. കേരളത്തിൽ ഒരിക്കൽപോലും സാധ്യമാവാത്ത ഒരു ബോധത്തെ അത്രമേൽ കാല്പനികമായിട്ടാണ് ജിയോ ബേബി കാതലിൽ ഒരുക്കിയെടുക്കുന്നത്. മമ്മൂട്ടി എന്ന മെഗാ താരം ഉള്ളതുകൊണ്ടുതന്നെ പുരുഷ സ്വവർഗ്ഗാനു രാഗത്തിന്റെ സീനുകൾ പോലും ചിത്രത്തിൽ ബോധപൂർവ്വമായി തന്നെ ഒഴിവാക്കപ്പെട്ടിരുന്നു.ചുരുക്കത്തിൽ ഹോമോഫോബിക്കായ ഒരു ഉൽപ്പന്നം തന്നെയാണ് കാതൽ എന്ന സിനിമയും.
Post Your Comments