ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി നോട്ടീസ്. 100 കോടി രൂപയുടെ വ്യാജ സ്വർണ നിക്ഷേപ പദ്ധതി കേസുമായി ബന്ധപ്പെട്ട് പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വസ്തുവകകളിൽ ഇഡി നടത്തിയ പരിശോധനയെ തുടർന്നാണ് സമൻസ് അയച്ചത്.
റെയ്ഡിൽ വിവിധ കുറ്റകരമായ രേഖകളും 23.70 ലക്ഷം രൂപയുടെ കണക്കിൽ പെടാത്ത പണവും 11.60 കിലോഗ്രാം തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തിരുന്നു. പ്രണവ് ജ്വല്ലേഴ്‌സ് ആവിഷ്‌കരിച്ച വ്യാജ സ്വർണ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് പ്രകാശ് രാജിന്റെ സമൻസ് എന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. 58 കാരനായ നടൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്, അടുത്തയാഴ്ച ചെന്നൈയിലെ ഫെഡറൽ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രകാശ് രാജിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പരിഹാസങ്ങളേറ്റാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്: തുറന്ന് പറഞ്ഞ് നടി അനന്യ പാണ്ഡെ
നിക്ഷേപകരിൽ നിന്ന് പോൺസി പദ്ധതി വഴി 100കോടി രൂപ കബളിപ്പിച്ചെന്നാരോപിച്ച് പ്രണവ് ജ്വല്ലറിയുടെ വിവിധ ശാഖകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ പ്രണവ് ജ്വല്ലേഴ്സ് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ജ്വല്ലറി ഉടമ നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടില്ല. പ്രണവ് ജ്വല്ലേഴ്സിന്റെ കടകൾ ഒക്ടോബറിൽ അടച്ചുപൂട്ടുകയും ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Post Your Comments