CinemaGeneralLatest NewsMollywoodNEWSWOODs

രം​ഗബോധമില്ലാത്ത കോമാളിയാണ് മരണമെന്ന് ദാ വീണ്ടും തെളിയിച്ചിരിക്കുന്നു, വികാരനിർഭരമായ കുറിപ്പുമായി ബാലചന്ദ്ര മേനോൻ

ഷൂട്ടിങ് വേളയിലെ ഒരു പിടി ഓർമ്മകൾ സമ്മാനിച്ചിട്ടാണ് പോയത്

മിടുക്കനായ ഒരു അഭിഭാഷകനെ മാത്രമല്ല, നല്ലൊരു നടനെക്കൂടിയാണ് അഡ്വ. ദിനേശ് മേനോന്റെ വിയോ​ഗത്തിലൂടെ ഇല്ലാതായതെന്ന് സംവിധായകൻ ബാലചന്ദ്ര മേനോൻ.

കുറിപ്പ് വായിക്കാം

അത്യന്തം അവിശ്വസനീയവും വേദനാജനകവുമായ ഒരു വാർത്ത. താൻ രംഗബോധമില്ലാത്ത കോമാളി തന്നെയെന്ന് മരണം ഒരിക്കൽ കൂടി തെളിയിച്ചു എന്ന് മാത്രം.  അല്ലെങ്കിൽ, ഇപ്പോൾ…ഈ പ്രായത്തിൽ. ഞാനോർത്തു പോകുന്നു . “കാര്യം നിസ്സാരത്തിന്റെ ” അഭൂതപൂർവ്വമായ വിജയത്തിന് ശേഷം നസീർ സാറിനെ വെച്ച് ഒരു പടം ഉടനെ നിർമ്മിക്കാൻ പലരും മുന്നോട്ടു വന്നു . എന്റെ തീരുമാനമായിരുന്നു ഒരു പുതുമുഖം ആവണം അടുത്ത നായകൻ എന്ന്. അങ്ങിനെയാണ് ഒരു വികൃതിയായ (കുസൃതിയായ ?) ഒരു സ്കൂൾ വിദ്യാർത്ഥിയെ ഞാൻ അന്വേഷിച്ചു തുടങ്ങിയത്.

അപ്പോൾ എന്റെ മനസ്സിലേക്ക് എന്റെ സുഹൃത്തായ വി.കെ.വി. മേനോന്റെ മകനായ മാസ്റ്റർ സുജിത്തിന്റെ മുഖം തെളിഞ്ഞു വന്നു .അങ്ങിനെ എന്റെ സിനിമകളിലെ ‘ഏറ്റവും പ്രായം കുറഞ്ഞ നായകൻ’ പിറന്നു ! മമ്മൂട്ടി , മോഹൻ ലാൽ , കെ .പി .ഉമ്മർ, മേനക , തിലകൻ ,കവിയൂർ പൊന്നമ്മ എന്നിങ്ങനെ വൻ താരനിരകൾക്കിടയിൽ മാസ്റ്റർ സുജിത് കേന്ദ്ര കഥാപാത്രമായി.

“ശേഷം കാഴ്ചയിൽ ” എന്ന ചിത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തത് സുജിത്തിന്റെ നിർമ്മലമായ മുഖത്തോടുള്ള ആഭിമുഖ്യം കൊണ്ടാണെന്നു ഞാൻ വിശ്വസിക്കുന്നു . വളരെ കുറച്ചു റീടേക്കുകൾ കൊണ്ട് തന്നെ തന്റെ പ്രകടനം വിജയകരമായി പൂർത്തിയാക്കാൻ സുജിത്തിന് കഴിഞ്ഞു .കരയിലും വെള്ളത്തിലും രാത്രിയിലും പകലും കഠിനമായി തന്നെ സുജിത്തിന് പാടുപെടേണ്ടി വന്നു .എപ്പോഴും ഒരു നറു പുഞ്ചിരി ഏവർക്കും സമ്മാനിച്ച് നടന്ന ആ ബാലൻ ഷൂട്ടിങ് തീർന്നപ്പോഴേക്കും ഏവരുടെയും കണ്ണിലുണ്ണിയായി മാറിയിരുന്നു.

കുടുംബ സുഹൃത്തായ വി .കെ.വി.മേനോന്റെ പൊടുന്നനെയുള്ള മരണത്തോടെ ഞങ്ങളുടെ നിരന്തരമായ കൂടിച്ചേരലുകൾ കുറഞ്ഞു . മാസ്റ്റർ സുജിത് അഡ്വ: ദിനേശ് മേനോനായി ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി എന്നൊക്കെ അറിഞ്ഞു ..വല്ലപ്പോഴും ഫോണിൽ വരുന്ന ഒരു സ്നേഹാന്വേഷണമായി ആ ബന്ധം പരിണമിച്ചു. എന്റെ എല്ലാ സംരംഭങ്ങളിലും ഞാൻ സുജിത്തിനെ അനുസ്മരിച്ചിരുന്നു . ഞാൻ പുറത്തിറക്കിയ “പാടാൻ എന്ത് സുഖം ” എന്ന മ്യൂസിക് ആൽബത്തിന്റെ പ്രകാശനവേളയിൽ ഹോട്ടൽ ടാജിൽ വെച്ച് കണ്ടതാണ് ഏറ്റവും ഒടുവിലത്തെ ഓർമ്മ.

“ശേഷം കാഴ്ചയിൽ ” ഷൂട്ടിങ് വേളയിലെ ഒരു പിടി ഓർമ്മകൾ സമ്മാനിച്ചിട്ടാണ് സുജിത് പോയത് .. ആ നല്ല ഓർമ്മകളിലൂടെ സുജിത് എന്നും എന്റെ മനസ്സിന്റെ മേച്ചിൽപ്പുറത്തുണ്ടാവും, തീർച്ച. 

shortlink

Related Articles

Post Your Comments


Back to top button