കമ്മ്യൂണിസ്റ്റായ നമ്പൂതിരി മുഹമ്മദ് എന്ന സുഹൃത്തിന്റെ ചിരി ഇന്നലെ നിലച്ചുപോയിരിക്കുന്നുവെന്ന് നടൻ വി.കെ ശ്രീരാമൻ. സദാ മുഖത്ത് പുഞ്ചിരി മാത്രം. നമ്പൂതിരി + മുഹമ്മദ് + കമ്മ്യൂണിസ്റ്റ് = നമ്പൂതിരി മുഹമ്മദ് എന്ന ഈ ഉത്തരത്തെ മറക്കാൻ കഴിയാതിരിക്കുന്നത് മേൽപ്പറഞ്ഞ വിചിത്രമായ ചേരുവകൾക്കപ്പുറം ചിരിച്ചു കൊണ്ട് സൗമ്യമായി സ്നേഹപൂർവ്വം മനുഷ്യരോടു പെരുമാറിയിരുന്ന ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലക്കാണെന്നും നടൻ പറയുന്നു.
കുറിപ്പ് വായിക്കാം
‘നമ്പൂരിമുഹമ്മദെ’ ന്ന് ആദ്യം കാണുന്നതും കൂട്ടിവായിക്കുന്നതും തൃശൂരിൽ നിന്നിറങ്ങിയിരുന്ന എക്സ്പ്രസ് പത്രത്തിൽ നിന്നാണ്. പണ്ട് പണ്ടാണത്. ച്ചാൽ എഴുപതുകളുടെ തുടക്കത്തിലെപ്പോഴോ. കൊടുങ്ങല്ലൂരിലെ രാഷ്ട്രീയ നേതാവായിരുന്ന പീക്കെ അബ്ദുൾ ഖാദറിനെ ജബ്ബാർ എന്നൊരാൾ വെടിവെച്ചു കൊന്ന കേസ്സിൻ്റെ സാക്ഷി വിസ്താരവും വിചാരണയും എക്സ്പ്രസ് പത്രം വിസ്തരിച്ചു കൊടുത്തു വന്നിരുന്നു അക്കാലത്ത്. വിസ്താരത്തിനിടെ പ്രധാന സാക്ഷിയായ നമ്പൂരി മുഹമ്മദിനോട് വക്കീൽ ചോദിക്കുന്നുണ്ട്.
“എന്താണ് എല്ലാരും നിങ്ങളെ നമ്പൂതിരി മുഹമ്മദ് എന്നു വിളിക്കുന്നത്. ” “കുറച്ചു കാലം പച്ചക്കറി മാത്രം കഴിച്ച് പൂർണ്ണ സസ്യഭുക്കായി ജീവിച്ചു. അന്ന് സ്നേഹിതര് ഇട്ട പേരാണത്” .അക്കാലം തൊട്ടേ ഈ കമ്മ്യൂണിസ്റ്റുകാരനായ നമ്പൂരി മുഹമ്മദിനെ കാണണമെന്ന ഒരു മോഹം ഉണ്ടായിട്ടുണ്ട് എനിക്ക്. അതായത് പത്തോ ഇരുപതോ വയസ്സുള്ള കാലത്ത്. കണ്ടത് പിന്നെയും പതിറ്റാണ്ടുകൾകഴിഞ്ഞാണ്. കൊടുങ്ങല്ലൂര് വടക്കേ നടയ്ക്കൽ നടത്തിയിരുന്ന ഒരു കൊയർഫെഡ് കടയിൽ വെച്ചായിരുന്നു അത്.
ദീർഘനേരം സംസാരിച്ചു. തർക്കങ്ങളോ വാദപ്രതിവാദങ്ങളോ ഉണ്ടായിരുന്നില്ല. സദാ മുഖത്ത് പുഞ്ചിരി മാത്രം. നമ്പൂതിരി + മുഹമ്മദ് + കമ്മ്യൂണിസ്റ്റ് = നമ്പൂതിരി മുഹമ്മദ് എന്ന ഈ ഉത്തരത്തെ മറക്കാൻ കഴിയാതിരിക്കുന്നത് മേൽപ്പറഞ്ഞ വിചിത്രമായ ചേരുവകൾക്കപ്പുറം ചിരിച്ചു കൊണ്ട് സൗമ്യമായി സ്നേഹപൂർവ്വം മനുഷ്യരോടു പെരുമാറിയിരുന്ന ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലക്കാണ്. ഇന്നലെ ആ ചിരി മാഞ്ഞു പോയത്രെ! ആ കവിളത്ത് ഞാനൊരു ചുവന്ന ഉമ്മ തന്നോട്ടേ സഖാവെ.
Post Your Comments