CinemaInterviewsLatest News

‘നികൃഷ്ടം, നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു’: മൻസൂർ അലി ഖാനെതിരെ നടി മാളവിക

ചെന്നൈ: കഴിഞ്ഞ ദിവസമാണ് നട‌ൻ മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ മോശം പരാമർശം നടത്തിയ ഒരു വീഡിയോ പ്രചരിച്ചത്. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ല എന്നും തൃഷ ആഞ്ഞടിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. തൃഷയ്ക്ക് പിന്നാലെ പ്രതികരിച്ച് നടി മാളവിക മോഹൻ രംഗത്ത്.

മൻസൂർ അലി ഖാന്റെ വാക്കുകൾ അത്രമേൽ വെറുപ്പുളവാക്കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് നടി മാളവിക എക്സിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. ഇയാൾ എങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്നും അവരെക്കുറിച്ച് ചിന്തിക്കുന്നതെന്നുമുള്ള കാര്യം വളരെയേറെ ലജ്ജിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു. പരസ്യമായും പ്രത്യാഘാതങ്ങളേക്കുറിച്ച് ആശങ്കപോലുമില്ലാതെയാണി​ദ്ദേഹം സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചോർത്ത് ലജ്ജിക്കുന്നുവെന്നും ഇത് വിചാരിക്കുന്നതിനേക്കാൾ നികൃഷ്ടമാണെന്നും മാളവിക കുറിച്ചു.

‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’, എന്നായിരുന്നു തൃഷ കുറിച്ചത്.

പിന്നാലെ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ് രംഗത്തെത്തി. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിരാശയും രോഷവും തോന്നിയെന്ന് ലോകേഷ് ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ തൃഷയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ലോകേഷിന്റെ കുറിപ്പ്. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും അദ്ദേഹം പോസ്റ്റ് ചെയ്തു.

‘മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു’ എന്നൊക്കെയാണ് ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിൽ മൻസൂർ പറഞ്ഞിരുന്നത്. കടുത്ത വിമർശനമാണ് നടനെതിരെ സോഷ്യൽ മീഡിയയിലുയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button