അടിമാലി: പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മാറിയക്കുട്ടിക്കും അന്നമ്മയ്ക്കും എം പി പെൻഷനിൽ നിന്നും എല്ലാ മാസവും 1600 രൂപ വീതം നൽകുമെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. മാറിയക്കുട്ടിയെ വീട്ടിലെത്തി നേരിൽ കണ്ട് പിന്തുണ അറിയിച്ച ശേഷമായിരുന്നു ഈ വാഗ്ദാനം. ഇതിനു പിന്നാലെ മാറിയക്കുട്ടിക്കും അന്നമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ‘എന്റെ ഹീറോസ് – മറിയകുട്ടി ചേച്ചി & അന്നാമ്മ ചേച്ചി’ എന്ന തലക്കെട്ടാൻ ചിത്രത്തിന് നൽകിയിരിക്കുന്നത്. പോസ്റ്റിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
അതേസമയം, തെറ്റായ കണക്കുകൾ സമർപ്പിച്ചതിനാലാണ് ക്ഷേമപെൻഷൻ വിഹിതം കേന്ദ്രം നൽകാത്തത് എന്നും തൊഴിൽ ഉറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും സുരേഷ് ഗോപി മാറിയക്കുട്ടിയെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാക്കൾക്കൊപ്പമാണ് സുരേഷ് ഗോപി മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. തന്നെ കാണാനെത്തിയ സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.
‘കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് ഞാൻ ചോദിക്കും. എനിക്ക് മഞ്ഞ കാർഡ് ഇല്ല. അത് സിപിഎമ്മുകാർക്കുള്ളതാണ്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നത്’, മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു.
പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ക്ഷേമ പെൻഷന് വേണ്ടി പിരിക്കുന്ന രണ്ട് രൂപ സെസ് നൽകില്ലെന്ന് ജനം തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നൽകില്ലെന്ന് ജനങ്ങൾ തീരുമാനിക്കണം. ഇന്ത്യൻ ഓയിൽ അടക്കമുള്ള കമ്പനികൾക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സർക്കാരിനെ നമ്പാൻ കൊള്ളില്ല. പാവങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്’, സുരേഷ് ഗോപി സർക്കാരിനെ കുറ്റപ്പെടുത്തി.
അഞ്ചുമാസത്തെ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചതിന് പിന്നാലെയാണ് അടിമാലി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടി (87) വാർത്തകളിൽ ഇടംപിടിച്ചത്. പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പി (80) നൊപ്പമായിരുന്നു മറിയക്കുട്ടിയുടെ പ്രതിഷേധം. പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യൽ മീഡിയയിൽ സി.പി.എം സൈബർ ഇടം വ്യാപകമായി വ്യാജവാർത്ത പ്രചരിപ്പിച്ചു. മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമിയും രണ്ട് വീടുകളും ഉണ്ടെന്ന് സിപിഎം മുഖപത്രത്തിൽ വാർത്ത വരികയും സിപിഎം കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണം നടത്തുകയുമായിരുന്നു.
എന്നാൽ ഇത് വ്യാജമാണെന്ന് വില്ലേജ് ഓഫീസറെ സമീപിച്ച് മറിയക്കുട്ടി തെളിയിച്ചു. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസർ ബിജുവും വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ സിപിഎം കേന്ദ്രങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മറിയക്കുട്ടി.
Post Your Comments