Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

‘ഈ കല്യാണം കുത്തി കലക്കാൻ പലരും ശ്രമിച്ചു, ഞങ്ങളെ ഒന്നിപ്പിച്ചത് ശ്രീകുമാരൻ തമ്പിസാറാണ്’ : സുരേഷ് ഗോപി

രാധികയോട് 'നമുക്ക് ഈ കല്യാണം വേണ്ട, സിനിമാ നടന്മാര്‍ വേണ്ട' എന്ന് അമ്മാവന്മാര്‍ പറഞ്ഞു

സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരകൻ തമ്പിയാണ് തന്റെ വിവാഹത്തിന് കാരണക്കാരൻ ആയതെന്നു നടൻ സുരേഷ് ഗോപി. ഒരു ഘട്ടത്തില്‍ നടക്കില്ലെന്ന് കരുതിയ രാധികയുമായുള്ള വിവാഹം നടക്കാൻ കാരണമായത് ശ്രീകുമാരൻ തമ്പിയുടെ വാക്കുകളാണെന്നും സുരേഷ് ഗോപി പങ്കുവച്ചു. കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ‘കാരുണ്യ മാൻ ഓഫ് ദി ഇയര്‍ 2023’ പുരസ്കാരം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിലൊരുങ്ങുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്ത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘പുരസ്കാരങ്ങള്‍ നല്‍കാനാണ് സാധാരണ ഇങ്ങനെയുള്ള വേദികളില്‍ ഞാൻ പോകാറുള്ളത്. എന്റെ പ്രാര്‍ഥനയുടെ ഭാഗമായി, പ്രാര്‍ഥനാപൂര്‍വം ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ ഭാഗമായി, എനിക്ക് ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നല്‍കുന്നുണ്ട് എന്ന് നിങ്ങളുടെ മുന്നില്‍ വന്ന് നന്ദിപൂര്‍വം ഞാൻ സ്മരിക്കുക മാത്രമാണ് ചെയ്യുക. ശ്രീകുമാരൻ തമ്പി സാറുമായി ഒരുപാട് നാളായുള്ള ബന്ധമാണ്. തമ്പി സാര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിലുടനീളം നടന്നിട്ടുണ്ട്.

1983 ലാണ് ചാൻസ് അന്വേഷിച്ച്‌ ഞാൻ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുന്നത്. അന്ന് അദ്ദേഹം പറഞ്ഞു, ‘ഞാൻ സൂപ്പര്‍ താരങ്ങളുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുന്ന ഒരു സംവിധായകനും നിര്‍മാതാവുമാണ്. ഒരുപാടു തവണ കൈപൊള്ളിയിട്ടുണ്ടെങ്കിലും അവരെക്കൊണ്ടു തന്നെ സിനിമ ചെയ്ത് ആ പൊള്ളലെല്ലാം മാറ്റണം എന്നു കരുതിയാണ് കാത്തിരിക്കുന്നത്. അവരില്‍ ആരെങ്കിലും ഡേറ്റ് തന്നാല്‍ സുരേഷ് ഗോപിക്ക് അതില്‍ ഒരു വേഷം തരാം എന്നു മാത്രമേ പറയാൻ സാധിക്കൂ’. അങ്ങനെ പറഞ്ഞു തുടങ്ങിയ ബന്ധമാണ്.

ഞാൻ അവിടെ നിന്ന് അത്രയും സന്തോഷമില്ലാതെയാണ് ഇറങ്ങിയതെങ്കിലും അദ്ദേഹം എന്നെ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞു. ‘എടാ സുരേഷേ, ഞാൻ തന്റെ ജീവിതത്തിലും കരിയറിലും എന്താകുമെന്ന് എനിക്കൊരു നിശ്ചയവുമില്ല, പക്ഷേ താൻ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഉദ്യമത്തിലൂടെ തനിക്ക് അനുഗ്രഹമായി വരാനിരിക്കുന്ന ഒരു സിനിമാ ജീവിതം ഉണ്ട്. താൻ അത് തുടങ്ങിക്കഴിഞ്ഞ് അധികം വൈകാതെ തന്നെ മലയാള സിനിമയുടെ ഒരു സൂപ്പര്‍സ്റ്റാറായി മാറിയിരിക്കും, അതെനിക്ക് ഇപ്പോള്‍ കാണാനും കഴിയുന്നുണ്ട്’. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തില്‍ ഓരോ നിമിഷവും അന്വര്‍ഥം ആയിക്കൊണ്ടിരിക്കുകയാണ്.

ഒരു സിനിമാനടന് വൈവാഹിക ജീവിതം എന്നത് എന്റെ കാലത്തൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ കല്യാണം കഴിക്കാനായി വീട്ടിലേക്ക് പെണ്‍കുട്ടികള്‍ അതിക്രമിച്ച്‌ കടന്നു കയറുന്ന ഒരു കാലവും ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയല്ലല്ലോ ഒരു വിവാഹ ജീവിതം. ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന്, അവള്‍ പെണ്‍കുട്ടിയായി തന്നെ 80, 90 വയസ്സ് വരെ ദമ്പതികളായി തുടര്‍ന്ന്, പെണ്‍കുട്ടിയായും ചെക്കനായും തന്നെ ഒരുമിച്ച്‌ ജീവിതം അവസാനിപ്പിക്കാൻ കഴിയുക എന്നതൊക്കെ ഒരു ഈശ്വരാനുഗ്രഹം ആണെന്നാണ് ഞാൻ കരുതുന്നത്.

ആ യാത്രയ്ക്ക് നിശ്ചയം കുറിക്കുന്നതിന് ഒരുപാട് മര്യാദകളുണ്ട്. നാട്ടുനടപ്പ് അനുസരിച്ചല്ല, അല്ലാതെ തന്നെ ശാസ്ത്രീയമായി ഒരുപാട് കാര്യങ്ങളുണ്ട്. അച്ഛനും അമ്മയും ആഗ്രഹിച്ചതു പോലെ നടത്തിയെടുക്കുന്നതിന്റെ ഭാഗമായി എന്റെ വലിയൊരു ആഗ്രഹം ത്യാഗം ചെയ്യേണ്ടി വന്നു എന്നൊന്നും പറഞ്ഞുകൂടാ. ആഗ്രഹിച്ചിരുന്നു, അത് നടക്കേണ്ട എന്ന് ആള്‍ക്കാര്‍ തീരുമാനിച്ചു. രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഒഴിവാക്കിപ്പിച്ചത്. ഒഴിവാക്കിപ്പിച്ചതല്ല, ഇല്ലായ്മ ചെയ്തത്. അതില്‍ ഞാൻ ആരെയും കുറ്റം ഒന്നും പറയില്ല. കാരണം ഏറ്റവും വലിയ അനുഗ്രഹമാണ് എനിക്ക് അതുവഴി കിട്ടിയത്. അതുകൊണ്ട് അവരെ കുറ്റം പറയുന്നത് ദൈവദോഷമാണ്.

പക്ഷേ അന്ന് ഈ കല്യാണം കുത്തി കലക്കാൻ വന്ന ആള്‍ക്കാര്‍ മൂലം ആറന്മുള പൊന്നമ്മ എന്ന, രാധികയുടെ മുത്തശ്ശിയുടെ മനസ്സ് ഒന്ന് ആടിപ്പോയി. രാധിക അച്ഛനില്ലാത്ത കുട്ടിയാണ്. അതുകൊണ്ടു തന്നെ രാധികയോട് ‘നമുക്ക് ഈ കല്യാണം വേണ്ട, സിനിമാ നടന്മാര്‍ വേണ്ട’ എന്ന് അവരുടെ അമ്മാവന്മാര്‍ പറഞ്ഞു. അന്ന് ഞങ്ങളെ ഒന്നിപ്പിച്ചത് ശ്രീകുമാരൻ തമ്പി സാറാണ്. സര്‍ അവരുടെ മുത്തശ്ശിയുടെ വീട്ടില്‍ പോയി ഇങ്ങനെ പറഞ്ഞു. ”അമ്മയ്ക്ക് അമ്മയുടെ ജീവിതം എന്നു പറയുന്നത് സിനിമയാണ്. സിനിമയിലൂടെയാണ് അമ്മയുടെ ജീവിതം വളര്‍ന്നത്. അമ്മയുടെ ഭര്‍ത്താവ് പോലും ജീവിച്ചത് സിനിമയിലെ പണം കൊണ്ടാണ്. അമ്മയുടെ മകൻ ഡോക്ടര്‍ ആയതും സിനിമാ പണം കൊണ്ടാണ്. അങ്ങനെ നാട്ടുകാര്‍ പലതും പറഞ്ഞു എന്ന് കരുതി നമ്മള്‍ക്ക് സിനിമയോട് ഒരു ദൂരം പാടില്ല. സിനിമയില്‍നിന്ന് നിങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും ഉത്തമനായ ഒരു സിനിമാ നടൻ തന്നെയാണ് സുരേഷ് ഗോപി”. ഇത് സര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍, എല്ലാ അമ്മാവന്മാരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ് അമ്മൂമ്മ നിശ്ചയിച്ച ബന്ധമാണ് ഞങ്ങളുടേത്.

പിന്നീടും ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ ദുരന്തങ്ങളും ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് നേരിട്ടിട്ടുണ്ട്. ഇനി പ്രസവിക്കുകയേ ഇല്ല എന്നു പറഞ്ഞിടത്ത്, അത്രയും വിഷമിച്ച ഒരു സമയത്ത് നാലു കുഞ്ഞുങ്ങളെയാണ് ഞങ്ങള്‍ക്കു ലഭിച്ചത്. പേടിച്ചുപോയി, കാരണം ഒരു നഷ്ടം എന്നു പറയുന്നത്, അവിടം കൊണ്ട് തീര്‍ന്നോ എന്നു പറയുന്നിടത്താണ്. അത്രയും വലിയ ഒരു വ്യാകുലത. അത്രയും ആര്‍ത്തിയോടെയാണ് ഓരോ കുഞ്ഞുങ്ങളെയും ഞങ്ങള്‍ ഏറ്റെടുത്തത്. അങ്ങനെ ഈശ്വരൻ എനിക്ക് അനുഗ്രഹിച്ചുതന്ന മക്കളാണ് അവര്‍.

അവരെ ഞാൻ വളര്‍ത്തിയിട്ടില്ല എന്നതാണ് സത്യം. കുഞ്ഞുങ്ങളെ വളര്‍ത്തുക എന്ന ചുമതലയും ഭാരവും എല്ലാം ഏറ്റെടുത്തത് അവളാണ്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പല പ്രശ്നങ്ങളിലേക്കും എനിക്ക് ആഴത്തില്‍ ഇറങ്ങാൻ കഴിഞ്ഞു. സത്യത്തില്‍ ഈ അവാര്‍ഡ് കൊടുക്കേണ്ടത് അവള്‍ക്കാണ്. അവള്‍ മൗനത്തിലൂടെ അനുവദിച്ച കാര്യങ്ങള്‍ക്കാണ് ഞാൻ ഈ അവാര്‍ഡിലൂടെ അര്‍ഹത നേടിയത്. വീട്ടില്‍ ഇരിക്കുന്ന മഹതിക്കാണ് ഈ അവാര്‍ഡ് എന്ന് ഇപ്പോള്‍ ഈ വേദിയില്‍ ഞാൻ അറിയിക്കുകയാണ്.

നമ്മളോട് വിരോധം ഉള്ളവരും ശത്രുക്കളും ഒക്കെ നമ്മളെ ഇപ്പോള്‍ കുറച്ച്‌ സങ്കടപ്പെടുത്തും, വേദനിപ്പിക്കും. എങ്കിലും അവരെല്ലാം തെറ്റിദ്ധാരണ മാറ്റിവച്ച്‌ ഒരു നാള്‍ നമ്മുടെ കൂടെ വരും. ആ വിശ്വാസത്തിലാണ് രാഷ്ട്രീയ ജീവിതം ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നത്. അതങ്ങനെ തന്നെയാകും എന്ന ചങ്കുറപ്പ് എനിക്കുണ്ട്.

ജന നന്മയ്ക്കു വേണ്ടിയാവണം ഭരണം. രാഷ്ട്രീയകക്ഷികളുടെ നന്മയ്ക്കു വേണ്ടി ആവരുത്. അങ്ങനെയുള്ള മനുഷ്യര്‍ ഭരണത്തില്‍ ഏറുന്ന രാഷ്ട്രീയ ഭരണം വരണം. കണ്ണുകൊണ്ട് കാണുകയും ഹൃദയം കൊണ്ട് മനസ്സിലാക്കുകയും വേണം. ആ ഹൃദയം കൊണ്ടുത്തരുന്നത് കരസ്പര്‍ശനത്തിലൂടെയും ലാളനത്തിലൂടെയും തലോടലിലൂടെയും ഭരണനിര്‍വഹണത്തിലൂടെ കൊണ്ടുവരണം. അത് സൃഷ്ടിച്ച്‌ അതിന് നൈര്യന്തര്യം ചാര്‍ത്തുന്ന മഹാന്മാരും മഹതികളും മാത്രമേ ഈ പണിക്ക് ഇറങ്ങാവൂ എന്നു നിശ്ചയിച്ചാല്‍, പിന്നെ നിങ്ങള്‍ കാണുന്നതില്‍ 99 ശതമാനം ആളുകളെയും നമുക്ക് നല്ല തല്ല് കൊടുത്തു പറഞ്ഞയയ്‌ക്കേണ്ടി വരും.’-സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button