കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നടൻ ഹരീഷ് പേരടി. പനിച്ച് തുള്ളി കിടന്ന ആശുപത്രികിടക്കയിലെ ആ രാത്രിയിൽ തൊട്ടടുത്ത് കിടന്ന രോഗിയുടെ പുതപ്പ് എന്നെ പുതപ്പിച്ച് എന്നെ മനുഷ്യത്വം പഠിപ്പിച്ച എന്റെ കോഴിക്കോട് മെഡിക്കൽ കോളേജിനെ എത് കലുഷിതമായ സാഹചര്യങ്ങളിലും ഞാൻ ഓർക്കാറുണ്ട്, ഇന്ന് ലോക ഭൂപടത്തിൽ എന്റെ നാട് സാഹിത്യ നഗരമെന്ന കൊടിയുയർത്തുമ്പോൾ, എന്റെ നാട്, എന്റെ അഭിമാനം എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
അവകാശപ്പെടാനുള്ള കലാ പാരമ്പര്യമൊന്നുമില്ലാത്ത ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ഞാൻ ഒരു അഭിനേതാവായതിന്റെ പിന്നിൽ ഒരു കാരണം മാത്രമേയുള്ളൂ, ഞാൻ ജനിച്ചതും വളർന്നതും ഈ നഗരത്തിന്റെ മടിത്തട്ടിലായതുകൊണ്ടു മാത്രമാണ്, ഇപ്പോഴും നാട്ടിലെത്തുന്ന ചില നട്ടപ്രാന്ത് രാത്രികളിൽ ഒറ്റക്ക് ആരുമില്ലാത്ത മിഠായിതെരുവിനോട് വർത്തമാനം പറഞ്ഞ് നടക്കാറുണ്ട് ഞാൻ.
ചില പകലുകളിൽ കാറിൽ ടൗൺഹാളിനു മുന്നിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു വിശ്വാസി അവന്റെ ആരാധനാലയത്തെ നോക്കുന്ന മനസ്സോടെ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി കയറിയ ആ അരങ്ങിനെ ആരാധനയോടെ നോക്കാറുണ്ട് ഞാൻ, കയ്യിൽ നയാ പൈസയില്ലാത്ത പൊരിവെയിലിൽ പ്രണയം പൂത്തുലഞ്ഞ മാവൂർറോഡിനെ കാണുമ്പോൾ ഇപ്പോഴും വല്ലാത്ത ആവേശമാണെനിക്ക്, ഇപ്പോഴും സിനിമയുടെ ചില നൈറ്റ് പാർട്ടികളിലെ ഇരുണ്ട വെളിച്ചം എന്റെ പ്രിയപ്പെട്ട പഞ്ചവടിബാറിന്റെയും വോൾഗയുടെയും എന്റെ കൗമാര ഓർമ്മകളിലേക്ക് എന്നെ ക്രേഷ് ലേൻഡിംങ് നടത്തിക്കാറുണ്ട്.
എന്തിന് മമ്മുക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിച്ചപ്പോൾ ഞാൻ ആദ്യമായി സിനിമ കണ്ട രാധ, അപ്സര, ഡേവിസൺ, കോർണേഷൻ ഈ തിയറ്ററുകളിലെ തൊഴിലാളികളാണ് ഇവരെന്ന് ചെറുപ്പത്തിലെ തോന്നിപോയതുകൊണ്ട് എനിക്ക് അവരോട് ഒരു അപരിചിതത്വവുമില്ലായിരുന്നു.
പനിച്ച് തുള്ളി കിടന്ന ആശുപത്രികിടക്കയിലെ ആ രാത്രിയിൽ തൊട്ടടുത്ത് കിടന്ന രോഗിയുടെ പുതപ്പ് എന്നെ പുതപ്പിച്ച് എന്നെ മനുഷ്യത്വം പഠിപ്പിച്ച എന്റെ കോഴിക്കോട് മെഡിക്കൽ കോളേജിനെ എത് കലുഷിതമായ സാഹചര്യങ്ങളിലും ഞാൻ ഓർക്കാറുണ്ട്, ഇന്ന് ലോക ഭൂപടത്തിൽ എന്റെ നാട് സാഹിത്യ നഗരമെന്ന കൊടിയുയർത്തുമ്പോൾ, എന്റെ നാട്, എന്റെ നാട്, എന്ന്, അഭിമാനമായി ചൊല്ലുന്നു ഞാൻ.
Post Your Comments