CinemaGeneralKeralaLatest NewsMollywoodNEWSWOODs

ചലച്ചിത്ര കലാസംവിധായകൻ സാബു പ്രവദാസിന്റെ വിയോ​​ഗത്തിൽ ആദരാഞ്ജലികൾ നേരുന്നു: മന്ത്രി സജി ചെറിയാൻ

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്‌സിബിഷന്റെ ക്യുറേറ്ററും വിദഗ്ധസമിതി അംഗവുമായിരുന്നു സാബു

അന്തരിച്ച കലാസംവിധായകൻ സാബു പ്രവദാസിന്റെ വിയോ​​ഗത്തിൽ ആദരാഞ്ജലികൾ നേർന്ന് മന്ത്രി സജി ചെറിയാൻ. വിടപറഞ്ഞത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകനും ഗ്രാഫിക് ഡിസൈനറും ചലച്ചിത്ര ഗവേഷകനുമാണ്. രാജാവിന്റെ മകന്‍, മനു അങ്കിള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, ഒറ്റയടിപ്പാതകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ച അദ്ദേഹം ചലച്ചിത്ര ഗവേഷണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് എന്നും മന്ത്രി കുറിച്ചു.

കുറിപ്പ് വായിക്കാം

ചലച്ചിത്ര കലാസംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സാബു പ്രവദാസ് ഇന്നു പുലര്‍ച്ചെ നമ്മെ വിട്ടുപിരിഞ്ഞു. കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്‌സിബിഷന്റെ ക്യുറേറ്ററും വിദഗ്ധസമിതി അംഗവുമായിരുന്നു അദ്ദേഹം. എക്‌സിബിഷന്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് 18.10.2023ന് രാവിലെ വഴുതക്കാട് ജംഗ്ഷനില്‍വെച്ച് റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. വിടപറഞ്ഞത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകനും ഗ്രാഫിക് ഡിസൈനറും ചലച്ചിത്ര ഗവേഷകനുമാണ്. രാജാവിന്റെ മകന്‍, മനു അങ്കിള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, ഒറ്റയടിപ്പാതകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ച അദ്ദേഹം ചലച്ചിത്ര ഗവേഷണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2020ല്‍ ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ‘കലാസംവിധാനത്തിന്റെ നാള്‍വഴികള്‍’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിച്ചിരുന്നു.

പ്രബന്ധത്തിന്റെ പുസ്തകരൂപം ചലച്ചിത്ര അക്കാദമി വൈകാതെ പ്രസിദ്ധീകരിക്കും. ഐ.എഫ്.എഫ്.കെയുടെ ഭാഗമായി രണ്ട് എക്‌സിബിഷനുകളുടെ ഡിസൈന്‍ നിര്‍വഹിച്ചിട്ടുണ്ട്. മാക്ട, ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളുടെ പിറവി തൊട്ടേ കലാപരമായ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുമതല നിര്‍വഹിച്ചിരുന്നു. ഫെഫ്ക പബ്‌ളിസിറ്റി ഡിസൈനേഴ്‌സ് യൂണിയന്‍ രൂപീകരണ നേതാവാണ്.

സിനിമകളുടെ ഡിജിറ്റല്‍ റെസ്റ്റോറേഷനെക്കുറിച്ചുള്ള ലേഖനത്തിന് സാബു പ്രവദാസ് മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ ആദരാഞ്ജലിയര്‍പ്പിക്കുന്നതിനൊപ്പം കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

shortlink

Related Articles

Post Your Comments


Back to top button