ഏറെയും അഭിനയിച്ചത് തമിഴ് ചിത്രങ്ങളിൽ ആണെങ്കിലും വർഷങ്ങളായി വിവിധ ഭാഷകളിൽ തിരക്കുള്ള നടനാണ് സത്യരാജ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ സത്യരാജിന് സാധിച്ചിട്ടുണ്ട്. സത്യരാജിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ബാഹുബലിയിലെ ‘കട്ടപ്പ’ എന്ന കഥാപാത്രം. റസൂൽ പൂക്കുട്ടിയുടെ ആദ്യ ചിത്രമായ ‘ഒറ്റ’യിലൂടെ സത്യരാജ് മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ചാണ് സത്യരാജ് പറയുന്നത്. തന്റെ രാഷ്ട്രീയം കമ്മ്യൂണിസമാണെന്നാണ് താരം പറയുന്നത്. ഞാൻ കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്ന് നടൻ പറഞ്ഞു. എല്ലാ മനുഷ്യരും തുല്യരാണെന്നാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്. അതിൽ എല്ലാവരും ഒന്നാണ് എന്നും സത്യരാജ്.
ഞാൻ ജീവിതത്തിൽ വളരെ കൂൾ ആയ വ്യക്തിയാണ്. എനിക്ക് ഒന്നിലും വലിയ വിശ്വാസങ്ങളില്ല. ഞാൻ ദൈവത്തിലും മതത്തിലും ജാതിയിലും വിശ്വസിക്കുന്നില്ല. ആചാരങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അന്തരീക്ഷത്തിൽ ഊർജം ഉണ്ടെന്ന് എങ്ങനെ സ്ഥാപിക്കാനാകും? അത് ആര് പറഞ്ഞു? അതിന് എന്ത് തെളിവാണ് ഉള്ളതെന്നും നടൻ ചോദിക്കുന്നു. ജീവിതം പ്രവചനാതീതമാണ്. അതിൽ മരണത്തിനപ്പുറം ഒന്നുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് താൻ ഒരു ദൈവത്തിലും ജാതി വ്യവസ്ഥയിലും വിശ്വസിക്കുന്നില്ല എന്നും സത്യരാജ്.
Post Your Comments