കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം പാൻ ഇന്ത്യൻ സിനിമയുമായി തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി സംവിധായകൻ വിജി തമ്പി. പൃഥ്വിരാജ് നായകനായി എത്തുന്ന ‘വേലുത്തമ്പി ദളവ’ എന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കുമെന്നും വിജി തമ്പി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് പൃഥ്വിരാജിനോട് സംസാരിച്ചിരുന്നു എന്നും പൃഥ്വിരാജിന്റെ തിരക്കുകൾ കാരണമാണ് ഒന്നും നടക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജി തമ്പിയുടെ വാക്കുകൾ ഇങ്ങനെ;
‘പൃഥ്വിരാജിനൊപ്പമുള്ള വേലുത്തമ്പി ദളവ എന്ന പ്രോജക്ട് ഇപ്പോഴും പരിഗണനയിൽ തന്നെയുണ്ട്. രാജു ഇപ്പോൾ എമ്പുരാൻ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ്. അതുകഴിഞ്ഞ ശേഷം ഈ സിനിമയുടെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കാം എന്നാണ് കരുതുന്നത്. സിനിമയുടെ തിരക്കഥയെല്ലാം എഴുതി കഴിഞ്ഞിട്ടുണ്ട്. രഞ്ജി പണിക്കരാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഒരു 80 ദിവസത്തോളം പൃഥ്വിരാജിനെ കിട്ടിയാൽ മാത്രമേ ആ സിനിമ ഷൂട്ട് ചെയ്യാൻ കഴിയുകയുള്ളൂ. കാരണം രാജുവിന്റെ മൂന്ന് ഗെറ്റപ്പ് സിനിമയ്ക്ക് ആവശ്യമാണ്. പൃഥ്വിരാജ് എന്ന് ഫ്രീ ആകുന്നോ, അന്ന് ആ സിനിമ സംഭവിക്കും.
ടേക്ക് ടൈം മലയാളത്തിൽ; ആനന്ദ് ദേവിൻ്റെ ചുരാലിയ പ്രേംകുമാർ റിലീസ് ചെയ്തു
രാജുവിനോട് ഞാൻ സംസാരിച്ചിരുന്നു. അവൻ എപ്പോഴേ ഈ സിനിമയ്ക്ക് റെഡിയാണ്. തിരക്കുകൾ കാരണമാണ് ഒന്നും നടക്കാതെ പോയത്. ആടുജീവിതം എന്ന സിനിമയിൽ അഭിനയിക്കാൻ പോയതുകൊണ്ടാണ് ഒരുപാട് നീണ്ടുപോയത്. പിന്നെ ഈയിടെ രാജുവിന് ഒരു ചെറിയ അപകടവും പറ്റി. ഇനിയിപ്പോൾ എമ്പുരാൻ കഴിഞ്ഞാൽ മാത്രമേ അത് ചെയ്യാൻ പറ്റുകയുള്ളൂ. എന്തായാലും 2025ലോ 2026ലോ ആ സിനിമ നടക്കും. അതൊരു ബിഗ് ബജറ്റ് സിനിമയാണ്. രഞ്ജി പണിക്കർ അഞ്ചുവർഷം എടുത്തു പൂർത്തിയാക്കിയ തിരക്കഥയാണ് ആ സിനിമയുടേത്.
വേലുത്തമ്പി ദളവയാണ് ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരൻ. മറ്റുപലരും ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തപ്പോൾ. ഒരു രാജ്യത്തിലെ രാജാവിനെതിരെ ആദ്യമായി സമരം ചെയ്ത വ്യക്തിയാണ് അദ്ദേഹം. പിന്നീട് ദളവ സ്ഥാനത്തെത്തി രാഷ്ട്രത്തെ രക്ഷിക്കാനായി ബ്രിട്ടീഷിനെതിരെ സമരം ചെയുകയായിരുന്നു. ഇങ്ങനെ ഒരു കഥ മനസ്സിൽ വന്നപ്പോൾ തന്നെ ദളവയായി ആദ്യം വിചാരിച്ചത് പൃഥ്വിരാജിനെ തന്നെയായിരുന്നു. അത് തീർച്ചയായും ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും.
മലയാളത്തിൽ മാത്രം ചെയ്യാൻ പറ്റുന്ന സിനിമയല്ല അത്. അതൊരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ്. തീർച്ചയായും ആ സിനിമയുടെ ഒരു ഇംഗ്ലീഷ് വേർഷൻ ഉണ്ടാകും. ബ്രിട്ടീഷ് ആർട്ടിസ്റ്റുകളെയും ചിത്രത്തിൽ അഭിനയിപ്പിക്കും. ആ സിനിമയെക്കുറിച്ച് ഞാൻ ആലോചിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിന് മുകളിലായി. ഗംഭീര സ്ക്രിപ്റ്റ് ആണത്. രഞ്ജി അതി മനോഹരമായി അത് എഴുതിട്ടുണ്ട്. പൃഥ്വിരാജ് ഡയലോഗുകൾ കേട്ടിട്ട് കാണാതെ പഠിച്ചു നടക്കുകയാണ്. ആ സിനിമ തീർച്ചയായും ചെയ്യാൻ പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം’
Post Your Comments