പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നു, എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വി ആരുമല്ല: കൈതപ്രം ദാമോദരൻ നമ്പൂതിരി

കൊച്ചി: നടൻ പൃഥ്വിരാജിനെതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി വീണ്ടും രംഗത്ത്. പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ലെന്നും മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും തനിക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കൈതപ്രം തുറന്നടിച്ചു. ഒരു പ്രമുഖമാദ്ധ്യത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ തന്നെ പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി എന്നാണ് കൈതപ്രത്തിന്റെ ആരോപണം. 72 വയസായ താൻ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് എന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണെന്നാണ് കൈതപ്രം അന്ന് പറഞ്ഞത്.

തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒറ്റയാളും വന്നില്ല. എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും ഒന്നും ചോദിച്ചില്ല. അയാളെയും താൻ അഭിനയിക്കാന്‍ വിളിച്ചു. നാലുദിവസത്തേയ്ക്ക് 60 ലക്ഷം രൂപയാണ് ചോദിച്ചത്. പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്നയാള്‍ തന്നോട് ഒരു കാരുണ്യവും കാട്ടിയില്ലെന്നും കൈതപ്രം വിമര്‍ശിച്ചു.

Share
Leave a Comment