കൊച്ചി: ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ‘കുർബ്ബാനി’എന്ന ചിത്രത്തിന്റെ രണ്ടാമതു ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല’, എന്ന മധുര മനോഹരമായ ഗാനമാണ് ലിറിക്കൽ വീഡിയോയിലൂടെ പ്രകാശനം ചെയ്തിരിക്കുന്നത്. നവാഗതനായ ജിയോവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്.
എം ജയചന്ദ്രൻ ഈണമിട്ട് വിനീത് ശ്രീനിവാസനും ശ്രുതി ശിവദാസും ആലപിച്ച ഈ ഗാനം നമ്മളെ കുറച്ചു പഴയകാലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. രണ്ടുപേരുടെ ബാല്യത്തിലെ ഓർമ്മകളിലൂടെയാണ് ഗാനമാരംഭിക്കുന്നത്. അത് പിന്നീട് ഷെയ്ൻ നിഗത്തിലേക്കും, ആർഷാ ചാന്ദ്നി ബൈജുവിലേക്കും എത്തിപ്പെടുന്നു. അതിനിടയിലൂടെ ചാരുഹാസനും, സതി പ്രേംജിയും സ്ക്രീനിൽ എത്തുന്നുണ്ട്.
വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് ഈ ലിറിക്കൽ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിതം പ്രേഷകർക്ക് മുന്നിലെത്തുന്നത്.
സൗബിൻ ഷാഹിർ, ജോയ് മാത്യു, ഹരിശ്രീ അശോകൻ, ശ്രീജിത്ത് രവി, ഹരീഷ് കണാരൻ, ജയിംസ് ഏല്യാ, ഇൻഡ്യൻ, സുധി കൊല്ലം, അജയ് മാത്യു, നന്ദിനി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മനു മഞ്ജിത്തും ഇതിലെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അഫ്സൽ യൂസഫ്, മുജീബ് മജീദ്, റോബിൻ ഏബ്രഹാം, എന്നിവരും ചിത്രത്തിലെ സംഗീത സംവിധായകരാണ്.
ഛായാഗ്രഹണം – സുനോജ് വേലായുധൻ, എഡിറ്റിംഗ് – ജോൺ കുട്ടി, പ്രൊജക്‌റ്റ് ഡിസൈനർ – സഞ്ജു ജെ, പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി, വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
വാഴൂർ ജോസ്.
Post Your Comments