കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിക്രം’. മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും കഥ പറയുന്ന രീതികൊണ്ടും ചിത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. കമൽ ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം കൂടിയായിരുന്നു വിക്രം. ചിത്രത്തിലെ മെയിൻ വില്ലൻ സൂര്യ ആയിരുന്നു. സിനിമയുടെ അവസാനമാണ് സൂര്യയുടെ കഥാപാത്രത്തിന്റെ എൻട്രി. റോളക്സ് എന്ന കഥാപാത്രത്തെയായിരുന്നു സൂര്യ അവതരിപ്പിച്ചിരുന്നത്.
ചിത്രത്തിൽ ഗസ്റ്റ് റോളിൽ ആയിരുന്നു സൂര്യ വന്നത്. അത് തന്നെ പ്രേക്ഷകർക്ക് വലിയ സർപ്രൈസ് ആയിരുന്നു. ഇപ്പോഴിതാ വിക്രം സിനിമയിലെ റോളെക്സിന്റെ കഥാപാത്രത്തെ പറ്റി വിജയ് തന്നോട് സംസാരിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ‘റോളെക്സിനെ പറ്റി വിജയ് സാർ എടുത്തുപറഞ്ഞിരുന്നു. ആ ലുക്കും അതുപോലെ ആ കഥാപാത്രത്തെ സൂര്യ കൈകാര്യം ചെയ്ത വിധവും ഗംഭീരമായിരുന്നു എന്നാണ് വിജയ് സാർ പറഞ്ഞത്’, സൺ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് വിജയിയുടെ ഈ അഭിപ്രായത്തെ പറ്റി ലോകേഷ് വെളിപ്പെടുത്തിയത്.
ലോകേഷിന്റെ വിജയ് ചിത്രമായ ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലേക്ക് എത്തുമ്പോൾ ലിയോ എൽസിയു യൂണിവേഴ്സിൽ ഉൾപ്പെടുമോ എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒരു പ്രധാനകാര്യം. അങ്ങനെയാണെങ്കിൽ ലിയോ- റോളെക്സ് കോമ്പോ വെള്ളിത്തിരയിൽ കാണാൻ സാധിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. ലിയോ ആദ്യ പ്രദർശനം തമിഴ്നാടിന് മുൻപ് കേരളത്തിൽ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ലിയോയുടെ ആദ്യ പ്രദർശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ രംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഒൻപത് മണിക്കാകും ആദ്യ ഷോ.
നേരത്തെ അജിത്ത് നായകനായി എത്തിയ ‘തുനിവ്’ എന്ന സിനിമയുടെ റിലീസിനിടെ ഒരു ആരാധകൻ മരണപ്പെട്ടിരുന്നു. ഇതിന് ശേഷം തമിഴ്നാട്ടിലെ നാല് മണി ഷോയ്ക്ക് അവിടുത്തെ സർക്കാർ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെയാണ് ലിയോ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കാൻ വൈകുന്നത്. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ കേരളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന് നേരത്തെ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍, പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കണം എന്ന വിതരണക്കാരുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
Post Your Comments