തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്. തമിഴിലെ പ്രഗല്‍ഭരായ മിക്ക സംവിധായകര്‍ക്കൊപ്പവും അജിത് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ ബാലയുടെ ഒരു സിനിമയിലും അജിത് അഭിനയിച്ചിട്ടില്ല. ഇതിന്റെ കാരണം സിനിമാ നിരൂപകനായ ചെയ്യാറു ബാലു ഒരിക്കല്‍ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
തമിഴ് സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ബാല. ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹം തമിഴിലെ പല മുന്‍നിര താരങ്ങൾക്കൊപ്പവും വർക്ക് ചെയ്തിട്ടുണ്ട്. വിക്രം, സൂര്യ, ആര്യ എന്നീ താരങ്ങൾക്ക് മികച്ച കഥാപാത്രത്തെയാണ് ബാല നൽകിയിട്ടുള്ളത്.
സംവിധായകന്‍ ബാലയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു നാന്‍ കടവുള്‍. ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് അജിത്തിനെയാണ്. ചിത്രത്തിനായി അജിത് തയ്യാറെടുപ്പുകള്‍ ആരംഭിച്ചെങ്കിലും പിന്നീട് ബാലയുമായി ഉണ്ടായ ചില തര്‍ക്കങ്ങള്‍ തുടര്‍ന്ന് സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു.
ആ സമയത്ത് ഹോട്ടല്‍ മുറിയിലുണ്ടായ ഒരു വഴക്കിനിടെ വഴക്കില്‍ സംവിധായകന്‍ ബാല അജിത്തിനെ മര്‍ദിച്ചുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദത്തിനും കാരണമായി. ഇതിനെ കുറിച്ച് ചെയ്യാറു ബാലു പറഞ്ഞതിങ്ങനെ;
‘ഞാന്‍ കടവുള്‍ കമ്മിറ്റ് ചെയ്തതിന് പിന്നാലെ സിനിമയ്ക്ക് വേണ്ടി മുടി നീട്ടി വളര്‍ത്താന്‍ ബാല അജിത്തിനോട് ആവശ്യപ്പെട്ടു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും ഉത്തരവിട്ടു. അങ്ങനെ അജിത് ചിത്രത്തിനായി മുടിയും വളര്‍ത്തി കാത്തിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ വൈകി. ഒരിക്കല്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ സിനിമയുടെ ചര്‍ച്ച നടക്കുന്നുണ്ടെന്നറിഞ്ഞ അജിത്ത് എപ്പോള്‍ തുടങ്ങും എന്ന് ചോദിക്കാന്‍ അവിടെയെത്തി. സംവിധായകന്‍ ബാലയും അദ്ദേഹവുമായി അടുപ്പമുള്ള ചിലരും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചക്കിടെ കഥ പറഞ്ഞില്ലെങ്കിലും വണ്‍ ലൈന്‍ എങ്കിലും പറയണമെന്ന് അജിത് ആവശ്യപ്പെട്ടു. എന്നാല്‍ ബാല പരിഹാസത്തോടെയാണ് കഥ പറഞ്ഞത്. ആ പറഞ്ഞ രീതി അജിത്തിന് ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് അജിത്തിന്റെ മുടി ബാല ശ്രദ്ധിക്കുന്നത്. ആരാണ് മുടി വെട്ടിയതെന്ന് ചോദിച്ചു. ചര്‍ച്ച ഇങ്ങനെയാണ് നടക്കുന്നതെങ്കില്‍ സിനിമ നടക്കില്ലെന്ന് പറഞ്ഞ് അജിത് അവിടെ നിന്ന് ഇറങ്ങാന്‍ തുടങ്ങി
എന്നാല്‍ ബാല അജിത്തിന്റെ കൈ പിടിച്ച് അവിടെ ഇരുത്തുകയും വാക്കേറ്റം നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം അവസാനിച്ചപ്പോള്‍ ബാലയുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ അജിത്തിന്റെ പുറകില്‍ ഇടിച്ചു. നീയത്ര വലിയ ഹീറോ ആണോ എന്ന് ചോദിച്ച് ആ മനുഷ്യന്‍ ഇടിച്ചപ്പോള്‍ അജിത്ത് ഞെട്ടി. അവിടെ നിന്ന് പോന്ന അജിത് 20 ദിവസത്തോളം ആരോടും മിണ്ടിയില്ല. വലിയ അപമാനമായി തോന്നിയ അജിത്ത് കടുത്ത വിഷമത്തിലായിരുന്നു. എന്നാല്‍ മാധ്യമങ്ങളോട് ഇത് വലിയ വാര്‍ത്തയാക്കരുതെന്നും അങ്ങനെ വാര്‍ത്തയായാല്‍ ബാലയെ പോലെ ഒരു സംവിധായകന്റെ കരിയര്‍ പാഴായി പോകുമെന്നാണ് അജിത് പറഞ്ഞത്’, ചെയ്യാറു ബാലു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments