കൊച്ചി: ഒരു സിനിമ എന്നത് വർഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്. ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ പോലും കാണാൻ നിൽക്കാതെ സിനിമക്കെതിരെ ഓൺലൈൻ പ്ലാറ്റഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഒക്ടോബർ ആറിന് റിലീസ് ചെയ്യാൻ പോകുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് കേരള ഹൈക്കോടതിയെ സമീപിച്ചു.
മുൻപ് ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യതയും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കിൽ ഇന്ന് ഒരു സ്മാർട്ട് ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരി വാരി തേക്കാൻ നെഗറ്റീവ് റിവ്യൂ ചെയ്യാൻ കഴിയും എന്ന അവസ്ഥ മാറണം എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷെ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണം സൃഷ്ടിച്ചു.
റിസോര്‍ട്ടില്‍ ഡാന്‍സറായി, ടൂറിസ്റ്റുകൾക്ക് മുൻപിൽ നൃത്തം ചെയ്തു: നടി സൗമ്യയുടെ ജീവിതം
തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുമ്പോൾ തന്നെ തീയേറ്ററുകൾ കേന്ദ്രീകരിച്ച് സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകൾ ചെയ്യുന്നതും സിനിമ റിലീസിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവർത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺലൈൻ റിവ്യുവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനാൽ സോഷ്യൽ മീഡിയകളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിക്കാരന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ സി ആർ രഖേഷ് ശർമ്മ ഹാജരാകും. ഹൈക്കോടതി ഹർജി ഉടനെ പരിഗണിക്കും.
Post Your Comments