തിരുവനന്തപുരം: നായകനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രതിനായക വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ഭീമൻ രഘു. എന്നാൽ പിന്നീട് ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളിലുമൊക്കെ അദ്ദേഹം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. എൺപതുകളുടെ തുടക്കത്തിലാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. സമീപകാലത്ത് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കൂടുമാറ്റം നടത്തിയ ഭീമൻ രഘു, കുറച്ചുനാളുകളായി വാർത്തകളിൽ ഇടംനേടാറുണ്ട്.
അടുത്തിടെയാണ് ഭീമൻ രഘു സി.പി.എമ്മിൽ ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഭീമൻ രഘു. ഇത്രയും വിവരവും വിദ്യാഭ്യാസവും ചങ്കുറപ്പുമുള്ള ഒരു മനുഷ്യനെ കാണാൻ പറ്റുമോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പിണറായി വിജയൻ ചങ്കാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഭീമൻ രഘു രംഗത്ത് വന്നിരുന്നു. എവിടെ നിന്നാലും ജയിക്കും എന്ന ആത്മവിശ്വാസമുള്ള വ്യക്തിയാണ് താനെന്നും നടന്‍ പറഞ്ഞിരുന്നു. ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും എല്‍ഡിഎഫിന്റെ പ്രചാരകനാകാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറയുകയാണ് ഭീമൻ രഘു.
‘ബി.ജെ.പിയിൽ നിന്നും അവഗണനയാണ് ഉണ്ടായത്. ബി.ജെ.പിയിൽ അച്ചടക്കമില്ല. കലാകാരന്മാർക്ക് ബി.ജെ.പിയിൽ വേണ്ടത്ര പരിഗണന ലഭിക്കാറില്ല. അച്ചടക്കമുള്ള പാർട്ടിയാണ് സി.പി.എം. പാർട്ടി പറയുന്നത് കേൾക്കും. ഞാൻ സഖാവാണ്. എന്നെ കമ്മി എന്നൊന്നും ആരും വിളിച്ചിട്ടില്ല. സഖാവ് എന്നാണ് ഇപ്പോൾ വിളിക്കുന്നത്. ബി.ജെ.പിയിൽ ആയിരുന്നെങ്കിലും സംഘി എന്ന വിളി കേൾക്കേണ്ടി വന്നിട്ടില്ല. വരുന്ന ഇലക്ഷനിൽ ബി.ജെ.പി ബിഗ് സീറോ ആയിരിക്കും. ഇലക്ഷൻ കാശ് ഉണ്ടാക്കാനുള്ള പരിപാടിയാണ് ബി.ജെ.പി ചെയ്യുന്നത്. എനിക്ക് റോൾ മോഡൽ ആരുമില്ല. ഞാൻ തന്നെയാണ് എന്റെ റോൾ മോഡൽ. പിണറായി വിജയൻ ചങ്കാണ്. ഇത്രയും വിവരവും വിദ്യാഭ്യാസവും ചങ്കുറപ്പുമുള്ള ഒരു മനുഷ്യനെ കാണാൻ പറ്റുമോ?’, ഭീമൻ രഘു ചോദിക്കുന്നു.
Post Your Comments