തമിഴ് സിനിമാ ലോകത്തെ പ്രശസ്തനായ അഭിനേതാവും നിർമ്മാതാവുമാണ് മോഹൻ ശർമ്മ. ഏതാനും സിനിമകളിൽ സംവിധായകനായും എഴുത്തുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ മുൻനിര നായകന്മാരുടെ ചിത്രങ്ങളിലും മോഹൻ അഭിനയിച്ചിട്ടുണ്ട്.
ഏകദേശം 20 വർഷത്തോളമായി തമിഴ് സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് മോഹൻ. താലാട്ട് സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. പ്രശസ്ത നടി ലക്ഷ്മിയുടെ മുൻ ഭർത്താവ് കൂടിയാണ് മോഹൻ. നടൻ മോഹൻ ശർമ്മ ഇപ്പോൾ കുടുംബത്തോടൊപ്പം ചെന്നൈയിലെ സേതുപട്ടിലെ ഹാരിംഗ്ടൺ റോഡിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് കാറിൽ നിന്നിറങ്ങിയ മോഹൻ ശർമയെ ചിലർ ആക്രമിക്കുകയായിരുന്നു. കടുത്ത ആക്രമണം നടത്തിയപ്പോൾ മോഹൻ ശർമ്മയുടെ കണ്ണിനും കാലിനും അടക്കം സാരമായി പരിക്കേറ്റു. തുടർന്ന് ചികിത്സയ്ക്കായി കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് താരത്തെ. മൂക്കിൽ ബാൻഡേജ് ഇട്ടിരിക്കുന്ന മോഹൻ ശർമ്മയുടെ ഫോട്ടോ ഇന്റർനെറ്റിൽ വൈറലാകുകയാണ്.
പോയസ് ഗാർഡനിലുള്ള വീട് നടൻ അടുത്തിടെ ഒരു ബ്രോക്കർ മുഖാന്തിരം വിറ്റിരുന്നു, തുടർന്ന് ബ്രോക്കർ ഈ വീട്ടിൽ താമസം തുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഈ മുൻ വൈരാഗ്യം മൂലമാണ് ഇപ്പോൾ ആക്രമണം നടത്തിയതെന്നാണ് മോഹൻ ശർമ്മയുടെ പരാതി. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഇരുവരും തമ്മിൽ ഇതിന് മുൻപും വാക്കേറ്റങ്ങളും തർക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments