മുതിർന്ന നടൻ മൈക്കൽ ഗാംബോൺ അന്തരിച്ചു. 82 വയസായിരുന്നു ഹാരിപോട്ടർ ചിത്രത്തിലൂടെ വൻ പ്രശസ്തി നേടിയ താരത്തിന്. ന്യൂമോണിയ ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എട്ട് ഹാരി പോട്ടർ ചിത്രങ്ങളിൽ ആറിലും പ്രൊഫസർ ആൽബസ് ഡംബിൾഡോറായി അഭിനയിച്ചതിലൂടെയാണ് താരം പ്രശസ്തനായത്. ഡബ്ലിനിൽ ജനിച്ച താരം ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ടിവി, സിനിമ, തിയേറ്റർ, റേഡിയോ എന്നിവയിൽ പ്രവർത്തിച്ചു. കൂടാതെ നാല് ബാഫ്തകൾ നേടിയിരുന്നു താരം. മൈക്കിളിന്റെ കുടുംബം കുട്ടിയായിരുന്നപ്പോൾ ലണ്ടനിലേക്ക് താമസം മാറിയിരുന്നു. തുടർന്നാണ് അഭിനയ രംഗത്ത് സജീവമായത്.
ലണ്ടനിലെ ലോറൻസ് ഒലിവിയറുടെ നാഷണൽ തിയേറ്റർ ആക്ടിംഗ് കമ്പനിയുടെ അംഗങ്ങളിൽ ഒരാളായതോടെ അദ്ദേഹത്തിന്റെ കരിയർ ഉയർന്നു. നാഷണൽ തിയേറ്റർ പ്രൊഡക്ഷൻസിലെ പ്രകടനത്തിന് മൂന്ന് ഒലിവിയർ അവാർഡുകൾ അദ്ദേഹം നേടിയിരുന്നു. ബിബിസിയുടെ ദി സിങ്ങിങ്ങ് ഡിറ്റക്ടീവ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിലൊന്നാണ്.
Post Your Comments