CinemaKeralaLatest NewsMollywood

ഭാര്യാ ഭർതൃബന്ധത്തെക്കുറിച്ച് ചികയാതിരിക്കുക, ചർച്ചചെയ്യാൻ ക്ലാസ് സിനിമകൾ ബാക്കി വച്ചാണ് കെ. ജി ജോർജ് പോയത്: കുറിപ്പ്

തന്റെ അഭിപ്രായം പറയാൻ മടിച്ചിട്ടില്ലാത്ത ആളാണ് സെൽമാ ജോർജ്ജ്

അന്തരിച്ച സംവിധായകൻ കെ. ജി ജോർജിന്റെയും ഭാര്യ സെൽമയുടെയും ഭാര്യാ ഭർതൃ ബന്ധത്തിൽ എവിടെ പ്രശ്നമുണ്ടെന്നു നോക്കി നടക്കാതെ അദ്ദേഹം ചെയ്ത ക്ലാസ് സിനിമകളെ കുറിച്ച് ചർച്ച ചെയ്യൂവെന്ന് എഴുത്തുകാരിയായ ശാര​ദക്കുട്ടി പറയുന്നു.

കുറിപ്പ് വായിക്കാം

ഭാര്യാ ഭർതൃ ബന്ധത്തിൽ എവിടെ പ്രശ്നമുണ്ടെന്നു നോക്കി അവിടെ എടം കേടുണ്ടാക്കാൻ നടക്കുന്നവരാണല്ലോ ചുറ്റിനും . അവർക്കു മുന്നിൽ മാതൃകാ ഭാര്യ ചമയാനോ മാതൃകാ ഭർത്താവ് ചമയാനോ മെനക്കെടാത്തവരോട് ബഹുമാനമേയുള്ളു. യൗവ്വനകാലം സിനിമക്കു വേണ്ടി ചെലവഴിച്ച ഒരാൾക്ക് വാർധക്യം നല്ല പരിചരണം ഉറപ്പാക്കുന്ന ഒരു സ്ഥാപനത്തിലാകണമെന്ന് തീരുമാനിക്കാനും മരണാനന്തരം ശരീരം കത്തിച്ചുകളയണമെന്നും തോന്നിയാൽ അതിൽ സമൂഹത്തിനെന്തു കാര്യം?

സമൂഹത്തിന് ചർച്ച ചെയ്യാൻ അദ്ദേഹം നല്ല ഒന്നാം ക്ലാസ് സിനിമകൾ ഉണ്ടാക്കി വെച്ചിട്ടാണ് പോയിരിക്കുന്നത്. അവിടെ നിൽക്കാനുള്ള അന്തസ്സുണ്ടാകണം. യൗവന കാലം കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച ഒരു സ്ത്രീ തന്റെ അനാരോഗ്യകാലം എവിടെ കഴിയണമെന്ന് തീരുമാനിച്ചാൽ അതിൽ സമൂഹത്തിനെന്തു കാര്യം? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ മാതൃകാ കുടുംബിനി ആകാൻ അവർക്കു സൗകര്യമില്ലെങ്കിൽ നിങ്ങൾക്കെന്താ കുഴപ്പം ? ഭർത്താവിന്റെ മികച്ച സിനിമകളിലെ കരുത്തരായ സ്ത്രീകളെ പരിചയപ്പെട്ട ഒരു ഭാര്യയെടുത്ത സ്വാതന്ത്ര്യമായി ആ തീരുമാനത്തെ കാണാൻ കഴിയണം.

സിനിമകളിലെ സ്ത്രീകളെ വാഴ്ത്തുന്നത്ര എളുപ്പമല്ല ജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്ന സ്ത്രീയെ വാഴ്ത്തുവാൻ . സ്വതന്ത്ര വ്യക്തിയായ അവരെ മാതൃകാഭാര്യയാക്കാനും മികച്ച ഒരു കലാകാരനെ മാതൃകാ ഭർത്താവാക്കാനും നിങ്ങൾക്കെന്തവകാശം? പുതിയ മാതൃകകൾ ഉണ്ടാകട്ടെ . അതിനെ വരവേൽക്കാനുള്ള മനസ്സുണ്ടാകട്ടെ . അവർ സ്വതന്ത്ര വ്യക്തിത്വമുള്ള മനുഷ്യരാണ്. എങ്ങനെ ജീവിക്കണം , എന്തൊക്കെ പറയണം , എങ്ങനെ മരിക്കണം , എവിടെക്കിടന്നു മരിക്കണം എന്നവർ തീരുമാനിക്കട്ടെ . ഭാര്യാഭർത്താക്കന്മാർ മരണം വരെ ഒരുമിച്ചു കിടന്നു നരകിക്കണമെന്ന് ശഠിക്കുന്ന സമൂഹത്തിന് ഭ്രാന്താണ് .

കിട്ടിയ അവസരമൊന്നും തന്റെ അഭിപ്രായം പറയാൻ മടിച്ചിട്ടില്ലാത്ത ആളാണ് സെൽമാ ജോർജ്ജ് . അതിനവരെ ക്രൂശിക്കുന്നവർ കെ.ജി. ജോർജ്ജിന്റെ സിനിമയുടെ രാഷ്ട്രീയം മനസ്സിലാക്കാത്തവരാണ് . അദ്ദേഹത്തിന്റെ ശാന്തമായ മരണത്തിൽ താൻ ആശ്വസിക്കുന്നു എന്നു പറയുന്ന സെൽമാ ജോർജ്ജ്, മറ്റൊരു കെ.ജി. ജോർജ്ജ് കഥാപാത്രം എന്നു സങ്കൽപിച്ചു നോക്കിയാൽ മനോവൈകൃതങ്ങളേ, ചിലപ്പോൾ നിങ്ങൾക്കൊരു സമാധാനം കിട്ടും.
 

shortlink

Related Articles

Post Your Comments


Back to top button