അഭിനയ മികവിനുള്ള അന്തർദേശീയ പുരസ്കാരത്തിന് അർഹനായി മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസ്. നെതർലണ്ടിലെ ആസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരമായി ടൊവിനോ ഇതോടെ മാറി.
സംവിധായകൻ ജൂഡ് ആന്റണിയുടെ 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം താരത്തെ തേടിയെത്തിയത്. പുരസ്കാരം കേരളത്തിന് സമർപ്പിച്ചുകൊണ്ടാണ് നടൻ സന്തോഷം അറിയിച്ചിരിക്കുന്നത്. സമീപകാല ബ്ലോക്ക്ബസ്റ്റർ ചിത്രമായ 2018 എവരിവണ്‍ ഈസ് എ ഹീറോയിലെ പ്രകടനത്തിന് സെപ്റ്റിമിയസ് അവാർഡ് നേടുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ നടനായി മാറിയ താരത്തെ അഭിനന്ദിക്കുകയാണ് സിനിമാ ലോകം.
പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങിയ ശേഷം, 2018 ലെ കേരളത്തിലെ പ്രളയത്തെ അദ്ദേഹം അനുസ്മരിക്കുകയും പുരസ്കാരം കേരളീയർക്ക് സമർപ്പിക്കുകയും ചെയ്തു. നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം തകർന്നെന്ന് പലരും കരുതി, പക്ഷെ ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ട മലയാളികളെ ആണ് ലോകം പിന്നീട് കണ്ടതെന്നും താരം. മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും ഈ അന്താരാഷ്ട്ര അംഗീകാരമെന്നും താരം.
Post Your Comments