2017 ൽ, ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയത്തിൽ മെഴുക് പ്രതിമ ലഭിക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ നടനായി പ്രഭാസ് മാറിയിരുന്നു. ഇപ്പോഴിതാ പ്രഭാസിന്റെ മറ്റൊരു മെഴുക് പ്രതിമ വൻ വിമർശനങ്ങളാണ് നേടുന്നത്.
മൈസൂരിലുള്ള ഒരു മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. എന്നാൽ നടനുമായി യാതൊരു സാമ്യവും ഇല്ലാത്ത പ്രതിമയാണ് ഇതെന്ന് വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ബാഹുബലി വേഷത്തിൽ നടൻ പ്രഭാസിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് മ്യൂസിയം അനുമതി ചോദിച്ചില്ലെന്ന് ബാഹുബലി നിർമ്മാതാവ് ഷോബു യാർലഗദ്ദ ട്വീറ്റ് ചെയ്തു രംഗത്തെത്തി. ഞങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്തത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ ഞങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
ബാഹുബലിയുടെ വസ്ത്രധാരണത്തിലൂടെ മാത്രമേ പ്രഭാസിന്റെ പ്രതിമ തിരിച്ചറിയാനാകൂവെന്നും അല്ലാത്തപക്ഷം അത് പ്രഭാസ് ആണെന്ന് ആരും അറിയില്ലെന്നും പൊതുജനങ്ങൾ പറയുന്നു. 2015ൽ പുറത്തിറങ്ങിയ ബാഹുബലി: ദി ബിഗിനിംഗ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായിരുന്നു ഇത്. അതേസമയം പ്രഭാസ് സലാറിന്റെ റിലീസിനൊരുങ്ങുകയാണ്.
Post Your Comments