ആം ആദ്മി പാർട്ടി നേതാവായ രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച ഉദയ്പൂരിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ലീലാ പാലസിലായിരുന്നു വിവാഹ ചടങ്ങുകളെന്ന് റിപ്പോർട്ടുകൾ.
മനീഷ് മൽഹോത്രയുടെ അതി മനോഹരമായ ഡിസൈനിലുള്ള വിവാഹ വസ്ത്രമാണ് പരിനീതി ധരിച്ചത്. ടെന്നീസ് താരം സാനിയ മിർസ, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, ശിവസേന നേതാവ് ആദിത്യ താക്കറെ, മനീഷ് മൽഹോത്ര എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. രാഘവുമായുള്ള പരിനീതിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് ബന്ധുവായ പ്രിയങ്ക ചോപ്ര അടുത്തിടെ പറഞ്ഞിരുന്നു.
അടുത്ത ബന്ധുക്കളാണ് പരിനീതിയും പ്രിയങ്ക ചോപ്രയും. ഇക്കഴിഞ്ഞ മെയ് 13ന് ഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ലണ്ടനിലെ ഒരു കോളേജിൽ ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. സുഹൃത്ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴി തുറക്കുകയായിരുന്നു. രാഷ്ട്രീയ – സിനിമാ ലോകത്ത് നിന്നും ഒട്ടേറെപേർ താര ദമ്പതികൾക്ക് വിവാഹ ആശംസകൾ നേർന്നെത്തി. രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Post Your Comments