CinemaGeneralLatest NewsNEWS

ന്യൂജെൻ സിനിമകളുടെ തലതൊട്ടപ്പൻ; സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു

എറണാകുളം: വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇന്നത്തെ ന്യൂജൻ സിനിമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു കെ.ജി ജോർജ്.

1946-ല്‍ തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്‌തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകള്‍ ചെയ്തു. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്.

സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം. പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ. മക്കൾ: അരുൺ, താര.

shortlink

Related Articles

Post Your Comments


Back to top button