മലയാളത്തിന്റെ പ്രിയതാരം മധു നവതിയുടെ നിറവിലാണ്. താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി.
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട ചലച്ചിത്രതാരം മധുവിന് നവതി. വായിച്ചു പരിചയിച്ച നായകന്മാരുടെ എല്ലാം മുഖം മധുവിന്റേതായിരുന്നു. ഈ നടനാണ് മലയാളത്തിലെ മികച്ച നോവലുകളിലെ കഥാപാത്രങ്ങളെ അഭ്രപാളിയിൽ അനശ്വരമാക്കിയത്. ചെമ്മീനിലെ പരീക്കുട്ടി, ഏണിപ്പടികളിലെ കേശവപിള്ള, ചുക്കിലെ മുതലാളി, ഓളവും തീരവും സിനിമയിലെ ബാപ്പുട്ടി, ഭാർഗ്ഗവീ നിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, നഖങ്ങളിലെ എസ്റ്റേറ്റ് മാനേജർ , സിന്ദൂരച്ചെപ്പിലെ ആനക്കാരൻ.
എന്നും സൂപ്പർ സ്റ്റാറായിരുന്നു. നിർമ്മാതാവും സംവിധായകനുമായിരുന്നു, ജനപ്രിയനായിരുന്നു. ഇതൊന്നും തലക്കു പിടിച്ചിരുന്നതായി തോന്നിയിട്ടില്ല. അഭിമുഖങ്ങൾ കാണുമ്പോൾ, യഥാർഥ കലാകാരനിൽ മാത്രം സ്വാഭാവികമായ എളിമയും പരസ്പര ബഹുമാനവും.
പുതിയകാല സംവിധായകർ പുതുനിര താരങ്ങളെ വെച്ച് തന്റെ പഴയകാല സൂപർഹിറ്റുകളായ ഓളവും തീരവും, ഭാർഗ്ഗവീ നിലയം ഒക്കെ പുനരാവിഷകരിക്കുമ്പോൾ അവരുടെ കഴിവിലും കാലം കൃതികൾക്കു വരുത്തുന്ന മികവിലും അഭിനന്ദിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല. പരാതികളും പരിഭവങ്ങളും ആത്മരതിയും കുറ്റപ്പെടുത്തലുകളുമില്ല. തനിക്കു കിട്ടേണ്ടതിലധികം അംഗീകാരങ്ങൾ കിട്ടി എന്നേ പറയൂ . ജീവിക്കേണ്ടതിലധികം കാലം ജീവിച്ചു എന്നേ പറയൂ. പല സിനിമകളും ഇന്നു കാണുമ്പോൾ തനിക്ക് കുറച്ചു കൂടി നന്നാക്കാൻ കഴിയേണ്ടതായിരുന്നു എന്നേ പറയൂ.
എന്നാൽ ഞാനൊന്നുമല്ലേ എന്ന കപട വിനയവുമില്ല. അതിവിനയവുമില്ല. കണ്ണുകളിൽ ഇന്നും തിളങ്ങി നിൽക്കുന്നുണ്ട് താനാരെന്ന ശക്തമായ ആത്മവിശ്വാസം. അത്രക്ക് ആത്മവിശ്വാസമുള്ളവരിൽ നിന്ന് മാത്രം കേൾക്കാനാവുന്ന ദാർഢ്യം വാക്കുകളിൽ . താനാരെന്ന് തന്റെ വാക്കുകളിൽ നിന്നു തന്നെ കേൾപ്പിക്കാനുള്ള അൽപത്തമില്ലാത്ത കലാകാരൻ. അദ്ദേഹത്തിന്റെ നായികമാരെ കുറിച്ചു ചോദിച്ചു നോക്കൂ. ഷീലയും ശാരദയും ജയഭാരതിയും ശ്രീവിദ്യയും വിധുബാലയും ലക്ഷ്മിയും ഒക്കെ എത്രയോ പ്രതിഭാധനർ . അവർക്കൊപ്പമൊക്കെ നല്ല റോളുകൾ ചെയ്യാൻ കഴിഞ്ഞത് കാലം തന്ന സൗഭാഗ്യമെന്നു പറയും മധു. മലയാളത്തിന്റെ ഏറ്റവും പ്രതിഭാധനരായ നായികമാരുടെ നായകനായിരുന്നതിലെ സംതൃപ്തി വാക്കുകളിലുണ്ട് . അതൊക്കെ അവരുടെ കൂടി സിനിമകളായിരുന്നു എന്ന സത്യത്തോടുള്ള ചേർന്നു നിൽക്കൽ മാത്രമാണത്. എത്ര പേരിൽ കാണാൻ കഴിയും ഈ മനോഭാവം. കാരണവർ ഭാവമില്ല. കാലം മാറുന്നുവെന്ന തിരിച്ചറിവുണ്ട്.
സിനിമയിലെ ഏറ്റവും നല്ല സുഹൃത്തുക്കളാരെന്ന ചോദ്യത്തിന് ഒരഭിമുഖത്തിൽ, അടൂർ ഭാസിയും ശങ്കരാടിയും എന്നായിരുന്നു മധുവിന്റെ ഉത്തരം. ‘അടൂർ ഭാസി ഗംഭീരമായി ഫലിതം സൃഷ്ടിക്കും. ശങ്കരാടിക്കാകട്ടെ സ്വയം ഫലിതമായി മാറാനുള്ള സിദ്ധിയുണ്ട്.’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുഭവ സമ്പന്നനും മികച്ച സംവിധായകനുമായ ഒരാളുടെ ശരിയായ നിരീക്ഷണമായിരുന്നു അത് എന്ന് തോന്നി. പത്തു പുറത്തിൽ നിൽക്കാവുന്ന ജീവിതമേ താൻ ജീവിച്ചിട്ടുള്ളു എന്ന് ഏറ്റവും ഒടുവിലെ അഭിമുഖത്തിലും പറയുന്നുണ്ട്. പുതിയ കാലത്ത് അധികം അഭിമുഖങ്ങൾക്ക് നിന്നു കൊടുക്കാത്തതു കൊണ്ട് , കാലത്തിനിണങ്ങാത്ത സംഭാഷണങ്ങൾ അധികം കേൾക്കേണ്ടി വന്നിട്ടില്ല. അതിജീവിത, കൂട്ടില്ലാതെ പുറത്തു പോകരുതായിരുന്നു എന്നതൊക്കെ ഒരു പഴയ മനസ്സിന്റെ ഭീതി മാത്രമാണ്.
എനിക്കിഷ്ടമാണ് ഈ നടനെ. സത്യനവതരിപ്പിച്ച പാട്രിയാർക്കൽ ധാർഷ്ട്യമുള്ള പരുക്കൻ കഥാപാത്രങ്ങളുടെയും, പ്രേംനസീറിന്റെ ലോല, മസൃണ, ഫെമിനൈൻ സ്പർശമുള്ള സുന്ദര കഥാപാത്രങ്ങളുടെയും ഇടയിൽ യാഥാർഥ്യത്തിന്റെ സ്പർശമുള്ള, യഥാർഥമനുഷ്യ കഥാപാത്രങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു മധു.
സിനിമയിൽ മികച്ചതൊക്കെ മധുവിനു തന്നെ കിട്ടി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, സ്വയംവരം, തീക്കനൽ, പ്രിയ, അപരൻ, ഹൃദയം ഒരു ക്ഷേത്രം, ഉമ്മാച്ചു, ആഭിജാത്യം ഇവയിലെ മധു അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. മമ്മൂട്ടിയുടെ എന്നതു പോലെ മധുവിന്റെയും നെഗറ്റീവ് സ്പർശമുള്ള കഥാപാത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
മധു അഭിനയിച്ചവതരിപ്പിച്ച ഏറ്റവും പ്രിയപ്പെട്ട ചില ഗാനങ്ങൾ , പുഷ്പമംഗലയാം ഭൂമിക്ക് വേളിപ്പുടവയുമായ് വരും , ആറ്റിനക്കരെയക്കരെ ആരാരോ, ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ, അപാരസുന്ദര നീലാകാശം, ഏകാന്തതയുടെ അപാര തീരം, ആശ്ചര്യചൂഡാമണീ, അനുരാഗപ്പാൽക്കടൽ കടഞ്ഞു, മംഗളം നേരുന്നു ഞാൻ, പാതിരാത്തണുപ്പു വീണൂ, പ്രഭാതഗോപുര വാതിൽ തുറന്നൂ പണ്ടു മനുഷ്യൻ വന്നൂ, വൃശ്ചികരാത്രി തൻ അരമന മുറ്റത്തൊരു, രാസലീലക്ക് വൈകിയതെന്തു നീ, അമ്പലപ്പുഴ വേല കണ്ടു ഞാൻ, പൊന്നിൽ കുളിച്ച രാത്രി, ശ്യാമസുന്ദര പുഷ്പമേ, ഇനിയുമെത്ര പാട്ടുകൾ, മധുവിന് ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു. ആ പ്രതിഭക്കു മുന്നിൽ ശിരസ്സു നമിക്കുന്നു. ഞങ്ങൾ മറക്കില്ല അങ്ങയുടെ കഥാപാത്രങ്ങളെ . ആദരിക്കുന്നു ആ തലയെടുപ്പിനെ.
Post Your Comments